

തിരുവനന്തപുരം: മത്സരപരീക്ഷകളിലും പഠനത്തിലും മിടുക്ക് തെളിയിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'വിജയതാരകം' പരിപാടിയില്‍, പാറ്റ' പരാമര്‍ശം നടത്തി അപഹാസ്യനായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. കഴക്കൂട്ടം മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു വിസിയുടെ പരാമര്‍ശം.
ഐഐടി മദ്രാസ് പോലുള്ള രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ ആരും പാറ്റകളാകാനല്ല, മറിച്ച് കരുത്തുറ്റ സിംഹങ്ങളാകാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞൂ. ചടങ്ങിനിടെ വിദ്യാര്‍ഥികളോട് നേരിട്ട് സംവദിച്ച അദ്ദേഹം, 'പാറ്റകളല്ലാത്തവര്‍ അത് ഉറക്കെ പറയൂ' എന്ന് ആവശ്യപ്പെട്ടെങ്കിലും സദസ്സില്‍ നിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് ഒന്നോ രണ്ടോ വിദ്യാര്‍ഥികള്‍ പ്രതികരിച്ചത്. അറിവും കഴിവും സ്വന്തമാക്കിയാല്‍ ഇന്ന് നമ്മളെ പാറ്റകളെന്ന് വിശേഷിപ്പിക്കുന്നവര്‍ നാളെ ഈയാംപാറ്റകളായി മാറുന്ന സാഹചര്യമുണ്ടാകുമെന്നും വിസി കൂട്ടിച്ചേര്‍ത്തു.
പരിപാടി ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ വിദ്യാര്‍ഥികളോട് മുതിര്‍ന്നവരില്‍ നിന്ന് അനുഭവങ്ങളും അറിവുകളും സ്വീകരിക്കാനും അവരെ ആദരിക്കാനും ആഹ്വാനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യം അറിവ് നേടുന്നതിനൊപ്പം നല്ല വ്യക്തിത്വം രൂപപ്പെടുത്തുക കൂടിയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പണം മാത്രമല്ല ജീവിത വിജയത്തിന്റെ അളവുകോലെന്നും സമൂഹം ഒരാളെ വിലയിരുത്തുന്നത് അവരുടെ സംഭാവനകള്‍ നോക്കിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎല്‍എ വി മുരളീധരനും പങ്കെടുത്ത ചടങ്ങില്‍, ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഗവര്‍ണര്‍ വിതരണം ചെയ്തു. അതേസമയം, വിദ്യാര്‍ഥികളെ അഭിനന്ദിക്കേണ്ട ഒരു വേദിയില്‍ വിസി നടത്തിയ ഈ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ചര്‍ച്ചകളും സജീവമായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates