

കൊച്ചി: അമ്പലമുകള്‍ കൊച്ചി റിഫൈനറിയിലുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്തി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. കമ്പനിയുടെ ദുരന്തനിവാരണ രൂപരേഖ പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി ഒരാഴ്ചയ്ക്കകം പുതിയ രൂപരേഖ സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍, ഹസാര്‍ഡ് അനലിസ്റ്റ്, കമ്പനി ഡിഎം പ്ലാന്‍ കോഡിനേറ്റര്‍ എന്നിവര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. മനോജിന്റെ നേതൃത്വത്തില്‍ കമ്പനി സെക്യൂരിറ്റി ഓഫീസര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, കെഎസ്ഇബി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെയാണ് ഇതു സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയത്.
കമ്പനിയുടെ സമീപപ്രദേശങ്ങള്‍ താമസത്തിന് അനുയോജ്യമാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍, ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, വില്ലേജ് ഓഫീസര്‍, കമ്പനി പ്രതിനിധികള്‍ എന്നിവര്‍ അടങ്ങിയ സമിതി രൂപവത്കരിച്ചു. സമിതിയംഗങ്ങള്‍ സമീപപ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
തീപ്പിടിത്തത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. യോഗത്തില്‍ ബെന്നി ബഹനാന്‍ എം.പി, പി.വി. ശ്രീനിജന്‍ എംഎല്‍എ, തിരുവാണിയൂര്‍, പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, ജനകീയ സമിതി അംഗങ്ങള്‍, സമീപവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്നലെ വൈകിട്ടോടെയാണ് റിഫൈനറിയിലെ ഹൈടെന്‍ഷന്‍ ലൈനില്‍ തീപിടുത്തമുണ്ടായത്. ചെറിയ പൊട്ടിത്തെറിയെ തുടര്‍ന്ന് തീ പടരുകയായിരുന്നു. പിന്നാലെ പ്രദേശമാകെ കനത്ത പുകയുയര്‍ന്നതോടെ പ്രദേശവാസികള്‍ക്ക് ദേഹാസ്വാസ്ഥ്യവും ശ്വാസതടസവും അനുഭവപ്പെട്ടു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് മുപ്പതോളം പേരാണ് ചികിത്സ തേടിയത്. 2 പേര്‍ ഇപ്പോഴും കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
Kochi refinery accident Nearby areas to be inspected, report to be submitted within three days
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
