

കൊച്ചി: മെട്രോ നഗരത്തിലെ ഗ്രാമഭംഗി ആസ്വദിക്കാന്‍ ഇനി ഗതാഗത തടസ്സങ്ങള്‍ ഉണ്ടാവില്ല. നഗരവുമായി ബന്ധിക്കുന്ന വാട്ടര്‍ മെട്രോ കടമക്കുടിയിലേക്ക് വ്യാപിപ്പിക്കുന്നു. കടമക്കുടി ടെര്‍മിനലിന്റെ പണി അവസാന ഘട്ടത്തിലാണ്. മൂന്ന് മാസത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സാജന്‍ പി ജോണ്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ആനന്ദ് മഹീന്ദ്ര അടക്കമുള്ള വ്യവസായ പ്രമുഖര്‍ പോലും കാണാന്‍ ആഗ്രഹിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായി കടമക്കുടി മാറിക്കഴിഞ്ഞു. എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ചിതറിക്കിടക്കുന്ന ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി. കായലുകള്‍, നെല്‍വയലുകള്‍, മത്സ്യകൃഷി, കള്ള് ചെത്തല്‍, മറ്റ് ഗ്രാമീണ കാഴ്ചകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കും.
ഹൈക്കോര്‍ട്ടില്‍ നിന്നോ മട്ടാഞ്ചേരി വാട്ടര്‍ ടെര്‍മിനലുകളില്‍ നിന്നോ കടമക്കുടി -പാലിയം തുരുത്തിലേക്ക് സര്‍വീസുകള്‍ നടത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. 'കടമക്കുടി ദ്വീപിലേക്ക് കണക്റ്റിവിറ്റി നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ദ്വീപുകളില്‍ വളരെ കുറച്ച് താമസക്കാര്‍ മാത്രമുള്ളതിനാല്‍ സാധാരണ യാത്രക്കാരേക്കാള്‍ കൂടുതല്‍ വിനോദസഞ്ചാരികളെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഫോര്‍ട്ട് കൊച്ചിയിലേക്കും ധാരാളം വിനോദസഞ്ചാരികള്‍ സാധാരണ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ആവശ്യാനുസരണം ഹൈക്കോടതിയില്‍ നിന്നോ മട്ടാഞ്ചേരി ടെര്‍മിനലില്‍ നിന്നോ സര്‍വീസ് ആരംഭിക്കാനാണ് പരിപാടി. തുടക്കത്തില്‍ ഹൈക്കോടതിയില്‍ നിന്നായിരിക്കും സര്‍വീസ്,' ഓഫീസര്‍ പറഞ്ഞു.
കൊച്ചി നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ മാത്രം അകലെയാണ് കടമക്കുടി. വലിയ കടമക്കുടി, മുരിക്കല്‍, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയംതുരുത്ത്, ചേന്നൂര്‍, കോതാട് തുടങ്ങിയ ദ്വീപുകളുടെ സമൂഹമാണ് കടമക്കുടി പഞ്ചായത്ത്. വാട്ടര്‍ മെട്രോയ്ക്കു മുളവുകാട് പഞ്ചായത്ത്, പൊന്നാരിമംഗലം, ചേന്നൂര്‍, കോതാട്, പിഴല, തുണ്ടത്തുംകടവ്, ചരിയംതുരുത്ത്, എളങ്കുന്നപ്പുഴ, മൂലമ്പിള്ളി ടെര്‍മിനലുകള്‍ക്ക് സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി. ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് ടെര്‍മിനലുകളിലായി 19 ബോട്ടുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഹൈക്കോര്‍ട്ട്- ഫോര്‍ട്ട്‌കൊച്ചി റൂട്ടിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates