ഉച്ചയുറക്കത്തില്‍ പകല്‍ക്കിനാവ് കണ്ട് അവതരിപ്പിച്ചതല്ല സില്‍വര്‍ലൈന്‍; പ്രതിപക്ഷം ഗൂഢപ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നടത്തുന്നു: കോടിയേരി

ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളം അത്രമേൽ വളരേണ്ട എന്ന മനോഭാവത്തിലാണ് മോദി സർക്കാർ
കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം
കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് സില്‍വര്‍ലൈന്‍ പദ്ധതിയെ ന്യായീകരിച്ച് കോടിയേരി രംഗത്തെത്തിയത്. ലൈഫ് പദ്ധതിയെ പൊളിക്കാനും സൗജന്യ കിറ്റ് വിതരണത്തെ അവഹേളിക്കാനും ഇറങ്ങി കൈപൊള്ളിയ പ്രതിപക്ഷം സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും വന്‍ ഗൂഢപ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നടത്തുകയാണ്. 

ഇം എം എസ് സര്‍ക്കാരിനെ വീഴ്ത്താന്‍ വിമോചനസമരം നടത്തിയ മാതൃകയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിമോചനസമരം നടത്താന്‍ കോണ്‍ഗ്രസ് മുതല്‍ ബിജെപിവരെയും ആര്‍എസ്എസ് മുതല്‍ ജമാഅത്തെ ഇസ്ലാമിവരെയും കൈകോര്‍ക്കുകയാണ്. ഈ പ്രതിലോമ രാഷ്ട്രീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ കേരള ജനതയെ പ്രബുദ്ധരാക്കി രംഗത്തിറക്കണം. ഇക്കാര്യത്തില്‍ പ്രത്യേക ക്യാമ്പയിന്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം സിപിഎമ്മും നടത്തുമെന്നും കോടിയേരി വ്യക്തമാക്കി. 

ക്ഷേമകാര്യങ്ങൾക്കൊപ്പം വികസനകാര്യങ്ങളിലും സംസ്ഥാനം മുന്നോട്ട് കുതിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ പോകുന്നത്. ആരെങ്കിലും ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന ഒരു വികസനപദ്ധതിയല്ല ഇത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് മുന്നിൽവച്ച് അംഗീകാരം നേടിയ വികസനപദ്ധതിയാണിത്. 

വിശദ പദ്ധതിരേഖ (ഡിപിആർ) പുറത്തുവിടണമെന്നും പ്രതിപക്ഷത്തിന്റെ ആശങ്കകൾ പരിഹരിക്കണമെന്നും താൻ ഉന്നയിച്ച ആറ് ചോദ്യത്തിന്‌ ഉത്തരം നൽകണമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. പദ്ധതിയുടെ സംക്ഷിപ്ത റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചു. ഹൈ സ്പീഡ് റെയിൽ പദ്ധതി പ്രഖ്യാപിച്ച യുഡിഎഫാണ് സെമി ഹൈസ്പീഡ് പാതയായ സിൽവർലൈനിനെ എതിർക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. വിശദ പദ്ധതിരേഖ ആവശ്യപ്പെടുന്ന പ്രതിപക്ഷം അങ്ങനെയെങ്കിൽ ആ രേഖ വരുംമുമ്പേ എന്തിനാണ് കാര്യമറിയാതെ പദ്ധതിയെ തള്ളിപ്പറയുന്നത്.

അർധ അതിവേഗപാത വന്നാൽ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് ജനങ്ങൾക്ക് സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക്‌ എത്താൻ സാധിക്കും. അത് ഭാവിയിൽ യുഡിഎഫ്–-ബിജെപി ബഹുജനാടിത്തറയിൽ ചോർച്ചയുണ്ടാക്കുമെന്ന ആശങ്കയാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവരെ സർക്കാർ വിരുദ്ധ സമരത്തിന് പ്രേരിപ്പിക്കുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളം അത്രമേൽ വളരേണ്ട എന്ന മനോഭാവത്തിലാണ് മോദി സർക്കാർ. അതുകൊണ്ടാണ്,  സിൽവർലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റിയിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com