

കൊല്ലം: കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ നിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ (13) മൃതദേഹം സംസ്‌കരിച്ചു. അനിയന്‍ സുജിനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് വിളന്തറയിലെ ഏഴ് സെന്റ് വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നത്. സ്ഥലപരിമിതിക്കിടയിലും ഒരു നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി.
അമ്മ സുജ പ്രിയപ്പെട്ട മകനെ ചേര്‍ത്ത് പിടിച്ച് അന്ത്യചുംബനം നല്‍കിയതും കണ്ണീര്‍ക്കാഴ്ചയായി. തുര്‍ക്കിയില്‍ വീട്ടുജോലിക്കായി പോയിരുന്ന സുജ ഇന്നു രാവിലെയാണ് പ്രിയപ്പെട്ട മകനെ അവസാനമായി കാണാന്‍ വിദേശത്തു നിന്നെത്തിയത്. ഇളയ മകനെ ചേര്‍ത്തുപിടിച്ച് മിഥുന്റെ മൃതദേഹത്തിനരികത്തിരുന്ന സുജയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും നിന്നു. മിഥുനെക്കണ്ട് തേങ്ങലടക്കാനാകാതെ പിതാവ് മനുവും തീരാനൊമ്പരമായി.
തേവലക്കര സ്‌കൂളില്‍ നടത്തിയ പൊതുദര്‍ശനത്തിന് നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. ആശുപത്രിയില്‍നിന്ന് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ റോഡിന് ഇരുവശവും മിഥുനെ അവസാനമായി കാണാന്‍ നാട്ടുകാര്‍ നിറഞ്ഞിരുന്നു. പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ മിഥുന്റെ മൃതദേഹം വിലാപയാത്രയായാണ് തേവലക്കര സ്‌കൂളില്‍നിന്ന് വിളന്തറയിലെ വീട്ടിലെത്തിച്ചത്.
സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. തറയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates