5 പേര്‍ വന്നത് ഭാര്യമാരുമായി; പീഡിപ്പിച്ചത് 9 പേര്‍; 'സ്റ്റഡു'കള്‍ 14,000 രൂപ നല്‍കണം; യുവാവിന്റെ വീട്ടില്‍ ലൈംഗിക ഉത്തേജക മരുന്നുകള്‍; അറസ്റ്റ്

പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസ ഇടങ്ങളാണ് കപ്പിൾ മീറ്റിനായി തിരഞ്ഞെടുക്കുന്നത്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം
Updated on
1 min read

കോട്ടയം: സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ട് ഭാര്യമാരെ കൈമാറുന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. എറണാകുളം സ്വദേശിയാണ് അറസ്റ്റിലായതെന്നാണ് സൂചന. അതേസമയം കോട്ടയം സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തത് ഒമ്പതുപേരാണെന്ന് പൊലീസ് കണ്ടെത്തി. 

ഇവരില്‍ ആറുപേര്‍ പിടിയിലായി. പിടിലാകാനുള്ള മൂന്നുപേരില്‍ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഒരാള്‍ മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. 

'സ്റ്റഡു'കള്‍ 14,000 രൂപ നല്‍കണം

കോട്ടയം സ്വദേശിനിയുടെ പരാതിയിലെ പ്രതികളില്‍ അഞ്ചുപേരും ഭാര്യമാരുമായി വന്നവരാണെന്നും പൊലീസ് കണ്ടെത്തി. നാലുപേര്‍ തനിച്ചെത്തിയവരാണ്. ഇവരെ ‘സ്റ്റഡ്’ എന്നാണ് അറിയപ്പെടുന്നത്. സംഘത്തിന് ഇവര്‍ 14,000 രൂപ നല്‍കണം. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും ഇത്തരം സംഘങ്ങളുടെ താവളങ്ങളെന്നാണ് കണ്ടെത്തല്‍. 

ടൂറിസം കേന്ദ്രങ്ങളില്‍ കപ്പിള്‍ മീറ്റ്‌
 

പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അവധിയിൽ നാട്ടിലെത്തുന്ന പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസ ഇടങ്ങളാണ് കപ്പിൾ മീറ്റിനായി തിരഞ്ഞെടുക്കുന്നത്. പല റിസോർട്ടുകളും ഇത്തരം സംഘങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതികളുടെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.  

സമൂഹത്തിലെ ഉന്നതര്‍ അടക്കം സംഘത്തില്‍

മെസഞ്ചര്‍, വാട്സ്ആപ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ കപ്പിള്‍മീറ്റ്, മീറ്റപ്പ് കേരള എന്നീ പേരുകളില്‍ കൂട്ടായ്മകളുണ്ടാക്കിയായിരുന്നു പ്രവര്‍ത്തനം. വിദേശത്തുനിന്നുള്ളവർ അടക്കം ആയിരക്കണക്കിന് പേരാണ് ഈ കൂട്ടായ്മകളിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സമൂഹത്തിലെ ഉന്നതർ അടക്കമുള്ളവര്‍ സംഘത്തിലുണ്ടെന്നും ചങ്ങനാശ്ശേരി ഡിവൈഎസ് പി ആര്‍.ശ്രീകുമാര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ സമ്മതപ്രകാരം ബലാത്സംഗം ചെയ്തതിനും പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചതിനുമാണ് നാലുപേര്‍ക്കെതിരേ കേസെടുത്തത്. 

യുവാവ് സംഘത്തെപ്പറ്റി അറിയുന്നത് വിദേശത്തുവെച്ച്

27-കാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതിയാണ് 31-കാരനായ ഭര്‍ത്താവിനെതിരേ കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കിയത്. വിദേശത്തായിരുന്ന യുവാവ് അവിടെനിന്നാണ് ഇത്തരം കൂട്ടായ്മയെപ്പറ്റി അറിയുന്നത്. നാട്ടിലെത്തിയ ശേഷം കൂട്ടായ്മയില്‍ സജീവമാകുകയും ഭാര്യയെയും പങ്കാളിയാകാൻ നിർബന്ധിക്കുകയുമായിരുന്നു.

യുവതിയെ പലതവണ പലര്‍ക്കും കൈമാറി

നാലുവര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് യുവതിക്ക് വഴങ്ങേണ്ടിവന്നു. തുടര്‍ന്ന് യുവതിയെ പലര്‍ക്കും ഇയാള്‍ കൈമാറുകയും പണം വാങ്ങുകയും ചെയ്തു. പലവട്ടം ഒഴിഞ്ഞുമാറിയ യുവതിയെ ഇയാള്‍ വീണ്ടും നിര്‍ബന്ധിച്ച് മറ്റുള്ളവര്‍ക്ക് കൈമാറി. ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തി.  

കഴുത്തിൽ കുരുക്കിട്ടു നിൽക്കുന്ന ചിത്രം അയച്ചായിരുന്നു ഭീഷണി. യുവാവിന്റെ കങ്ങഴയിലെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ലൈംഗിക ഉത്തേജക മരുന്നുകൾ അടക്കം കണ്ടെത്തിയിട്ടുണ്ട്.  പിടിയിലായ നാലുപേരും യുവതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയതായി പൊലീസ് സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com