

കോട്ടയം: കള്ളുഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. സമീപ പ്രദേശത്തെ ഒരു ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജ്യോതിഷ് മരിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ജ്യോതിഷും സുഹൃത്തുക്കളും ശനിയാഴ്ചയാണ് ഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ചത്. ജ്യോതിഷിന് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേര്‍ ചികിത്സയിലാണ്. കള്ളും മീന്‍തല കറിയുമാണ് ഇവര്‍ കഴിച്ചത്. കുമരകം കറങ്ങാന്‍ എത്തിയ, ഗള്‍ഫില്‍ ജോലിയുള്ള കുമളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജ്യോതിഷ് ഷാപ്പിലെത്തിയത്.
വൈകീട്ട് ഇവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരാള്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.
ആരോപണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ജ്യോതിഷിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates