

തിരുവനന്തപുരം: രാത്രി യാത്രയിൽ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാ സൂപ്പർ ക്ലാസ് സർവീസുകളും നിർത്തുമെന്നുള്ള ഉത്തരവിൽ ഭേദഗതി വരുത്തി കെഎസ്ആർടിസി. രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയങ്ങളിൽ ദീർഘദൂര ബസുകളടക്കം നിർത്തണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിർദ്ദേശം.
ഏതാണ്ട് 200 ൽ താഴെ വരുന്ന ദീർഘ ദൂര സർവീസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരിഗണിച്ചാണ് പുതിയ ഭേദഗതി. ഇനി മുതൽ സൂപ്പർ ഫാസ്റ്റ് മുതൽ താഴേക്കുള്ള ബാക്കി എല്ലാ വിഭാഗം സർവീസുകളിൽ മാത്രമായിരിക്കും രാത്രിയിൽ വണ്ടി ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തുക. ഇത് നടപ്പിലാക്കുവാൻ കെഎസ്ആർടിസി തീരുമാനിച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സൂപ്പർ ക്ലാസ് ദീർഘദൂര മൾട്ടി ആക്സിൽ എസി, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നതിൽ പ്രായോഗികമായി ബുദ്ധിമുട്ടുള്ളതും മണിക്കുറുകളോളം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇത് കടുത്ത അസൗകര്യമാണെന്നുള്ള പരാതിയും ഉയർന്ന് വന്നതിനെ തുടർന്നാണ് തീരുമാനം. 14 മണിക്കൂറിൽ അധികം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇടയ്ക്കിടയ്ക്ക് സ്റ്റോപ്പിൽ അല്ലാതെ നിർത്തുന്നത് ബുദ്ധിമുട്ട് ആകുന്നുവെന്നത് പരിഗണിച്ചാണ് നടപടി.
ഇത്തരം സൂപ്പർ ക്ലാസ് ബസുകൾ ആകെ ബസുകളുടെ 5 ശതമാനത്തിൽ താഴെ മാത്രമാണ്. ബാക്കി 95% ബസുകളിലും സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിയുള്ളവരും രാത്രി 8 മണിക്കും രാവിലെ 6 മണിക്കും മധ്യേ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസുകൾ നിർത്തി നൽകുകയും ചെയ്യുന്നതാണെന്ന് കെഎസ്ആർടിസി എംഡി പത്രക്കുറിപ്പിലൂടെ അറിയിച്ചു. സൂപ്പർ ഫാസ്റ്റ് ശ്രേണിക്ക് മുകളിലോട്ടുള്ള ബസുകൾക്ക് രാത്രി നിർത്തണമെന്ന ഉത്തരവ് ബാധകമല്ലെന്ന് വ്യക്തത വരുത്തിയാണ് കെഎസ്ആർടിസിയുടെ പുതിയ ഉത്തരവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates