

മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കാത്തതിനും സ്റ്റോപ്പിലിറക്കാത്തതിനും കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്‍ കോര്‍മത്തിന്റെ പരാതിയിലാണ് നടപടി. കെഎസ്ആര്‍ടിസി എംഡിയാണ് പിഴ അടയ്ക്കേണ്ടത്.
മുഹമ്മദ് സൈനുദ്ദീന്‍ തൃശ്ശൂര്‍ ആമ്പല്ലൂരില്‍നിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസ്സില്‍ക്കയറിയത്. ഇരിക്കാന്‍ സീറ്റൊഴിവില്ലെന്ന് മനസ്സിലായി. രോഗിയായതിനാല്‍ മൂന്നു മണിക്കൂര്‍ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോള്‍ കണ്ടക്ടര്‍ തൃശ്ശൂരില്‍നിന്ന് സീറ്റു കിട്ടുമെന്നറിയിച്ചു.
തൃശ്ശൂരിലെത്തിയപ്പോള്‍ ഒഴിഞ്ഞ സീറ്റുകളിലൊന്നില്‍ സൈനുദ്ദീന്‍ ഇരുന്നു. ബസ് പുറപ്പെട്ടപ്പോള്‍ ഒരു യാത്രക്കാരനെത്തി സീറ്റ് ഒഴിയണമെന്നും അത് താന്‍ റിസര്‍വ് ചെയ്തതാണെന്നും അറിയിച്ചു. കണ്ടക്ടറും സീറ്റൊഴിയാന്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ മറ്റു സീറ്റുകളില്‍ യാത്രക്കാര്‍ ഇരിക്കുകയുംചെയ്തു. ഇതേത്തുടര്‍ന്ന് സൈനുദ്ദീന് നിന്ന് യാത്ര ചെയ്യേണ്ടിവന്നു. സര്‍വീസ് റോഡിലൂടെ പോകാതെ ദേശീയപാതയിലൂടെ ഓടിച്ചതിനാല്‍ കക്കാട് സ്റ്റോപ്പില്‍ ഇറങ്ങാനായില്ല. പകരം കൂരിയാട്ട് ഇറങ്ങേണ്ടിവന്നു. ഇതേത്തുടര്‍ന്നാണ് ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കിയത്.
25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും അല്ലെങ്കില്‍ ഒന്‍പത് ശതമാനം പലിശയടക്കം നല്‍കണമെന്നുമാണ് കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സിവി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃകമ്മിഷന്‍ വിധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates