

തിരുവനന്തപുരം: ഇനി കെഎസ്ആര്‍ടിസി ജീവനക്കാര്‍ വളയം മാത്രമല്ല മൈക്കും പിടിക്കും. ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചേര്‍ത്ത് കെഎസ്ആര്‍ടിസി രൂപീകരിച്ച പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് 'ഗാനവണ്ടി' ഇന്ന്് അരങ്ങേറ്റം കുറിക്കും. 18 അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഗീത സംഘം തലസ്ഥാന നഗരത്തിനോട് ചേര്‍ന്നുള്ള ഉച്ചക്കട ശ്രീ ദുര്‍ഗ്ഗ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് ആദ്യമായി ഗാനമേള അവതരിപ്പിക്കാന്‍ പോകുന്നത്.
ജീവനക്കാരുടെ ജോലിയുമായി ബന്ധപ്പെട്ട വിരസത ഒഴിവാക്കാനും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കോര്‍പ്പറേഷന് അധിക വരുമാനം നേടിക്കൊടുക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാല, വൈക്കം, എടപ്പാള്‍ തുടങ്ങിയ ഡിപ്പോകളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കുകള്‍ എന്നിവരെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്ത് കൊണ്ടാണ് പുതിയ ട്രൂപ്പിന് രൂപം നല്‍കിയത്.
ഓഡിഷനുകളുടെ അടിസ്ഥാനത്തില്‍ ട്രൂപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഇന്ന് തലസ്ഥാന നഗരിയില്‍ പാട്ടിന്റെ പൂനിലാവ് തെളിയിക്കും. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിക്കിടെ ജനങ്ങളെ ചിരിപ്പിക്കാന്‍ മിമിക്രിയിലും ജീവനക്കാര്‍ ഒരു കൈ നോക്കുന്നുണ്ട്. ഇടുക്കിയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ദേവദാസിന്റെ മകളും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുമായ നീലാംബരി അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ പ്രകടനത്തോടെയാണ് ഷോ ആരംഭിക്കുന്നത്. അരങ്ങേറ്റം കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് കെഎസ്ആര്‍ടിസിയുടെ ചീഫ് ലോ ഓഫീസറും കള്‍ച്ചറല്‍ കോര്‍ഡിനേറ്ററുമായ ഹെന പി എന്‍ പറയുന്നു.'ഇതിന്റെ വിജയം ട്രൂപ്പിനെ കൂടുതല്‍ രൂപപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കും. കലയോടുള്ള അഭിനിവേശത്തില്‍ സന്നദ്ധസേവനം നടത്താന്‍ തയ്യാറായ ഒരു കൂട്ടം ജീവനക്കാര്‍ സോണുകളിലുടനീളം ഞങ്ങളുടെ പക്കലുണ്ട്, അവരുടെ കഴിവുകള്‍ പ്രോഗ്രാം ലൊക്കേഷനുകളെ അടിസ്ഥാനമാക്കി പ്രയോജനപ്പെടുത്തും.'- അവര്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം ഇതുവരെ ട്രൂപ്പ് ആറ് ബുക്കിങ് നേടിയിട്ടുണ്ട്.
കോര്പ്പറേഷന് ജീവനക്കാരുടെ പാട്ടിലുള്ള കഴിവ് മുതലെടുക്കാന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആശയപ്രകാരമാണ് പ്രഫഷണല്‍ ഗാനമേള ട്രൂപ്പിന് രൂപംനല്‍കിയത്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ജീവനക്കാരോട് ഓഡിഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും അന്തിമ പട്ടികയിലുള്ളവര്‍ക്ക് വിവിധ ഡിപ്പോകളില്‍ പരിശീലനം നല്‍കുകയും ചെയ്തു. ആദ്യ ഷോയുടെ പ്രതിഫലം കെഎസ്ആര്‍ടിസി ഇതുവരെ തീരുമാനിച്ചിട്ടില്ല. ''ഭാവിയില്‍, സാംസ്‌കാരിക സമിതി ഫീസ് തീരുമാനിക്കും. വരുമാനം കെഎസ്ആര്‍ടിസിക്ക് പോകും. ഞങ്ങള്‍ക്ക് ഇതിനകം സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചു, ട്രൂപ്പ് വഴി ലാഭം ഉണ്ടാക്കാന്‍ പോകുകയാണ്''- ഹെന പി എന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates