കെഎസ്ആര്‍ടിസി ബിസിനസ് ക്ലാസ് ബസുകള്‍ ഓണത്തിന് മുന്‍പ് നിരത്തിലേക്ക്; പേരിനും റൂട്ടിനും ഒപ്പം നിറത്തിലും മാറ്റം

എക്‌സിക്യൂട്ടീവ് ക്ലാസ്' എന്ന പുതിയ പേരിലായിരിക്കും ഇനി ബസുകള്‍ അറിയപ്പെടുക
ksrtc business class bus
KSRTC to launch business class bus
Updated on
1 min read

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസി വാങ്ങിയ അത്യാധുനിക വോള്‍വോ ആഡംബര ബസുകള്‍ ഒടുവില്‍ നിരത്തിലിറങ്ങുന്നു. ഓണത്തിന് മുന്നോടിയായി സര്‍വീസുകള്‍ ആരംഭിക്കാനാണ് നീക്കം. എന്നാല്‍ മുന്‍പ് വിഭാവനം ചെയ്ത റൂട്ടുകളിലും സര്‍വീസ് രീതികളിലും ബസിന്റെ പേരില്‍ മാത്രവുമല്ല, നിറത്തിലും വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് ബസുകള്‍ നിരത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്.

മുന്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നല്‍കിയ 'ബിസിനസ് ക്ലാസ്' എന്ന പേര് ഇപ്പോഴത്തെ ഗതാഗത മന്ത്രി സിപി ജോണ്‍ മാറ്റാന്‍ നിര്‍ദ്ദേശിച്ചു. 'എക്‌സിക്യൂട്ടീവ് ക്ലാസ്' എന്ന പുതിയ പേരിലായിരിക്കും ഇനി ബസുകള്‍ അറിയപ്പെടുക. പേരിന് പുറമെ ബസിന്റെ നിലവിലെ നിറത്തിലും മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബസിന്റെ പേരും നിറവും മാറ്റുന്നതിനായി മാത്രം ഏകദേശം ഒരു ലക്ഷത്തോളം രൂപ അധികച്ചെലവ് പ്രതീക്ഷിക്കുന്നു.

വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം സൗകര്യങ്ങളാണ് ബസുകളില്‍ ഒരുക്കിയിട്ടുള്ളത്. എമിറേറ്റ്‌സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസിന് സമാനമായ അത്യാധുനിക സീറ്റുകളാണ് ബസിലുള്ളത്. പാന്‍ട്രി, ശുചിമുറി, ഓരോ യാത്രക്കാരനും വ്യക്തിഗത ടിവി, വൈഫൈ, മൊബൈല്‍ ചാര്‍ജിങ് സൗകര്യങ്ങള്‍ എന്നിവയുമുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പില്‍ മൂന്ന് മാസത്തോളമായി വെറുതെയിട്ടിരുന്ന രണ്ട് ബസുകളുടെ റൂട്ടും മാറ്റി. ഒരു ബസ് നേരത്തെ നിശ്ചയിച്ച തിരുവനന്തപുരം - എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തും. രണ്ടാമത്തെ ബസ് മുന്‍ നിശ്ചയിച്ച റൂട്ടിന് പകരം അന്തര്‍സംസ്ഥാന റൂട്ടായ ആലപ്പുഴ-ബംഗളൂരു വഴിയിലേക്ക് മാറ്റി.

മുന്‍പ് രണ്ട് ബസുകളിലും എയര്‍ ഹോസ്റ്റസ് മാതൃകയില്‍ 'ബസ് ഹോസ്റ്റസ്' സേവനം ലഭ്യമാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, പുതിയ തീരുമാനപ്രകാരം തിരുവനന്തപുരം - എറണാകുളം റൂട്ടില്‍ ഓടുന്ന ബസില്‍ മാത്രമായി ബസ് ഹോസ്റ്റസ് സേവനം പരിമിതപ്പെടുത്തി. നാല് കോടി രൂപ മുടക്കി വാങ്ങിയ ബസുകള്‍ക്ക് സര്‍ക്കാര്‍ നികുതിയിളവ് നല്‍കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നികുതിയിളവിനായി സമര്‍പ്പിച്ച ഫയലില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ആറ് വര്‍ഷത്തേക്ക് നികുതിയിളവ് അനുവദിച്ചിരുന്നു. ഇതിലുള്ള അതൃപ്തി ധനവകുപ്പില്‍ ഇപ്പോഴും തുടരുന്നതാണ് തീരുമാനമെടുക്കാന്‍ വൈകുന്നതിന് കാരണം.

ksrtc business class bus
സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ksrtc business class bus
കനത്ത മഴയും മണ്ണിടിച്ചിലും; കോഴിക്കോട് എക്‌സ്പ്രസ് ഉള്‍പ്പെടെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
ksrtc business class bus
മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയില്‍ 51ഗ്രാം എംഡിഎംഎ; വയനാട്ടില്‍ 16കാരനടക്കം നാലുപേര്‍ പിടിയില്‍
Summary

KSRTC to launch business class service prior to Onam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com