തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും. അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ ജാഗ്രത മുന്നറിയിപ്പില്ല. അതേസമയം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇരട്ട ന്യൂനമർദ്ദം നിലവിലുണ്ടെങ്കിലും കേരളത്തിൽ കാര്യമായ സ്വാധിനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അറബിക്കടലിൽ കർണാടക തീരത്തോട് ചേർന്ന് രൂപപ്പെട്ട ന്യൂനമർദ്ദം, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് പോകുന്നതിനാൽ കേരളത്തിന് ഭീഷണിയില്ല. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അധികം ശക്തി പ്രാപിക്കാതെ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് വിലയിരുത്തൽ.
ഇന്ന് അവധി
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെ അവധി ബാധകമാണ്. പത്തനംതിട്ടയിൽ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടൂർ, തിരുവല്ല താലൂക്കുകളിലാണ് അവധി. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെ അവധിയാണ്. റാന്നി, കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates