'കുടിക്കാം, ഉണ്ടാക്കരുത് എന്ന് പറയുന്നത് എന്ത് ന്യായമാണ്?'

ഇതിന്റെ അസംസ്കൃത വസ്തുവാണല്ലോ സ്പിരിറ്റ്. അതുണ്ടാക്കാൻ പാടില്ല, അതെന്തോ വലിയ പാപമാണ്.
M B Rajesh
എം ബി രാജേഷ്എക്സ്പ്രസ്
Updated on
2 min read

കൊച്ചി: പാലക്കാട് ഡിസ്റ്റിലറിക്കുള്ള അനുമതി എക്സൈസ് നൽകി കഴിഞ്ഞുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. നിലനിൽക്കുന്ന എല്ലാ നിബന്ധനകൾക്കും ചട്ടങ്ങൾക്കും വിധേയമായി ഡിസ്റ്റിലറി ആരംഭിക്കാൻ എക്സൈസ് പ്രാരംഭ അനുമതി കൊടുത്തു. ബാക്കി അനുമതി അവരാണ് വാങ്ങേണ്ടത്. അത് വാങ്ങിക്കഴിഞ്ഞാൽ മുന്നോട്ട് പോകാമെന്നും മന്ത്രി പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എൽ‌എസ്‌ജിയിൽ തന്നെയാണ് കൂടുതൽ സമയം ചെലവഴിച്ചതെന്ന് ഞാൻ സമ്മതിക്കുന്നു. കൂടുതൽ സമയം ചെലവഴിക്കേണ്ടതും അവിടെ തന്നെയാണ്. എക്സൈസിൽ നയരൂപീകരണം നടത്തുക എന്നതാണ് പ്രധാനം. ഇത്രയും സമയം അവിടെ വിനിയോ​ഗിക്കേണ്ട കാര്യമില്ല. മന്ത്രി ആരായാലും നടപ്പാക്കുക എന്നത് എൽഡിഎഫ് സർക്കാരിന്റെ നയമാണ്. ആ നയം മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.

അങ്ങനെയാണ് ഡിസ്റ്റിലറി, എഥനോൾ പ്ലാന്റ്, ബ്രൂവറി, ബോട്ട്ലിങ് പ്ലാൻുകളുമൊക്കെ അനുവ​ദിക്കാം എന്ന് തീരുമാനിച്ചത്. 2022-23 നയത്തിലെ ആമുഖത്തിൽ അത് പറഞ്ഞിട്ടുണ്ട്. നില നിൽക്കുന്ന എല്ലാ നിബന്ധനകൾക്കും ചട്ടങ്ങൾക്കും വിധേയമായി ഡിസ്റ്റിലറി ആരംഭിക്കാൻ എക്സൈസിന്റെ പ്രാരംഭ അനുമതി കൊടുത്തു. ബാക്കി അനുമതി അവരാണ് വാങ്ങേണ്ടത്. അത് വാങ്ങിക്കഴിഞ്ഞാൽ മുന്നോട്ട് പോകാം. എക്സൈസിന്റെ അനുമതിയാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.

ഇത് സർക്കാരിന് വലിയ വരുമാനം ഉണ്ടാക്കുന്ന വകുപ്പാണ്. ആ പ്രാധാന്യത്തോടെ തന്നെയാണ് അതിനെ കാണുന്നത്. വലിയ തോതിൽ വരുമാനവും ഒപ്പം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള മേഖലയാണിത്. ഇപ്പോൾ ​​ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ബ്ലെൻഡിങ് പോളിസി കൂടി വന്നിട്ടുണ്ട്. 20 ശതമാനം 2030 ആകുമ്പോഴേക്കും പെട്രോളിൽ എഥനോൾ ബ്ലെൻഡ് ചെയ്യണമെന്നുള്ളതാണ്.

കേരളത്തിന്റെ ഒരു പ്രത്യേകത, കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്ത സ്പിരിറ്റ് (ഇഎൻഎ) 9.26 കോടി ലിറ്ററാണ്. എഥനോൾ സ്പിരിറ്റ് 30 കോടി ലിറ്ററാണ് എണ്ണ കമ്പനികളിൽ നിന്ന് കിട്ടിയ കണക്കു പ്രകാരം. 3000-4000 കോടിയുടെ ബിസിനസാണ്. ഒരു തുള്ളി പോലും നമ്മൾ ഉത്പാദിപ്പിക്കുന്നില്ല. മുഴുവൻ വരുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. പ്രധാനമായും കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന്. ബാക്കി മറ്റു സംസ്ഥാനങ്ങളിൽ നിന്നൊക്കെ വരുന്നുണ്ട്.

അപ്പോൾ കുടിക്കാം, ഉണ്ടാക്കരുത് എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്. ബ്ലെൻഡിങ്, ബോട്ട്ലിങ് മാത്രമേ ഇവിടെ നടക്കുന്നുള്ളൂ. ഇതിന്റെ അസംസ്കൃത വസ്തുവാണല്ലോ സ്പിരിറ്റ്. അതുണ്ടാക്കാൻ പാടില്ല, അതെന്തോ വലിയ പാപമാണ്. പക്ഷേ അതിവിടെ കൊണ്ടുവന്ന് കലക്കാം. ആ പറയുന്നതിൽ ഒരു കാപട്യമുണ്ട്. നമ്മൾ ഇതിനെ കാണുന്നത് ഒരു വ്യവസായമെന്ന നിലയിലാണ്".- മന്ത്രി പറഞ്ഞു.

ഡിസ്റ്റിലറി ജലക്ഷാമത്തിലേക്ക് നയിക്കില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മന്ത്രി മറുപടി പറഞ്ഞത്. "മലമ്പുഴ അണക്കെട്ടിൽ നിന്ന് ആവശ്യത്തിന് വെള്ളം ഉപയോ​ഗിക്കും. കിൻഫ്രയ്ക്ക് വേണ്ടി പ്രതിദിനം 10 ദശലക്ഷം ലിറ്റർ (MLD) നൽകാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ഡിസ്റ്റിലറിക്ക് അഞ്ച് ലക്ഷം ലിറ്റർ മാത്രമേ ആവശ്യമുള്ളൂ. അതുകൂടാതെ പദ്ധതിയിൽ മഴവെള്ള സംഭരണ ​​സംവിധാനവും ഉണ്ടായിരിക്കും".- എംബി രാജേഷ് വ്യക്തമാക്കി.

"ബെവ്കോ വഴി ഗുണനിലവാരമുള്ള മദ്യമാണ് നൽകുന്നത്, വ്യാജ മദ്യം വിതരണം ചെയ്യുന്നില്ല. പഴങ്ങളിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കുന്നതിനും ഞങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്. ഈ സംരംഭത്തെ പിന്തുണയ്ക്കാൻ കാർഷിക സർവകലാശാലയും ഒരു സഹകരണ സംഘവും മുന്നോട്ടുവന്നിട്ടുണ്ടെന്നും" മന്ത്രി വ്യക്തമാക്കി.

പാലക്കാട്ടെ ജവാന്റെ ഡിസ്റ്റിലറിക്ക് സാങ്കേതിക അനുമതി നൽകുകയും തിരുവല്ല പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ പോലെ പബ്ബുകൾ തുറക്കുന്നതിനെക്കുറിച്ചും മന്ത്രി പറഞ്ഞു. "ആളുകൾ തുറന്ന മനസോടെ ഇത്തരം കാര്യങ്ങളെ സമീപിക്കാൻ തുടങ്ങുമ്പോൾ സർക്കാർ അത് പരിഗണിക്കും.

പിടിവാശിയും സദാചാരബോധവുമൊക്കെ കാരണം യഥാർഥ പ്രശ്നം തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വ്യാപനത്തിന്റെ യാഥാർഥ്യത്തെ നമുക്ക് അവഗണിക്കാൻ കഴിയില്ല, പ്രത്യേകിച്ച് സിന്തറ്റിക് മരുന്നുകളുടെ ഉപയോഗം, ഈ വിഷയം നാം പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും" അദ്ദേഹം പറഞ്ഞു.

അതോടൊപ്പം മദ്യത്തിന്റെ ഉപഭോ​ഗം പ്രോത്സാഹിപ്പിക്കുക എന്നതല്ല സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ പാർട്ടി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം, മദ്യത്തിന്റെ ഉപയോഗം ഒരു അച്ചടക്ക പ്രശ്നമായി ആണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com