

കണ്ണൂര്‍: തുടര്‍ ഭരണം നഷ്ടമായ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടതു സഹയാത്രികനായ നോവലിസ്റ്റ് എം മുകുന്ദന്‍. എഴുത്തുകാരന്‍ സുകുമാര്‍ അഴീക്കോട് ഉണ്ടായിരുന്നുവെങ്കില്‍ സിപിഎമ്മിന് ഈ പരാജയം സംഭവിക്കില്ലായിരുന്നുവെന്ന് മുകുന്ദന്‍ പറഞ്ഞു.
കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്ക്കര്‍, എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ എന്നിവര്‍ക്ക് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു പാര്‍ട്ടിയിലെയും ഭരണാധികാരികളുടെ തെറ്റുകള്‍ തിരുത്താന്‍ സുകുമാര്‍ അഴീക്കോടിലെ പ്രഭാഷകന് കഴിയുമായിരുന്നു. അത്രമാത്രം ശക്തി അദ്ദേഹത്തിന്റെ വാക്കുകള്‍ക്കുണ്ടായിരുന്നുവെന്നും എം മുകുന്ദന്‍ പറഞ്ഞു.
'രാഷ്ട്രീയത്തിലെ കുലപതികളെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. അധികാരത്തില്‍ ഇരിക്കുന്നവരെ അദ്ദേഹം ഉന്നം വെച്ചിരുന്നു. കൂടുതല്‍ കലുഷമായ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. നമ്മള്‍ വിശ്വസിക്കുന്ന എല്ലാം തന്നെ നമ്മളെ കബളിപ്പിക്കുകയാണ്.'- എം മുകുന്ദന്‍ തുടര്‍ന്നു.
പാര്‍ട്ടി സാഹിത്യമെഴുതാത്ത എഴുത്തുകാരനായതിനാലാണ് കഴിഞ്ഞ 10 വര്‍ഷം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ സുകുമാര്‍ അഴീക്കോടിന് ഉചിതമായ സ്മാരകമുണ്ടാക്കാതിരുന്നതെന്നും എം മുകുന്ദന്‍ വിമര്‍ശിച്ചു. വരുന്ന സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും സ്മാരകത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നതായും എം മുകുന്ദന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates