

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെ വെട്ടിലാക്കി പാര്‍ട്ടി മുന്‍ വക്താവ് എം എസ് കുമാറിന്റെ വെളിപ്പെടുത്തല്‍. അനില്‍ പ്രസിഡന്റായിരുന്ന സഹകരണ ബാങ്കില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു ആത്മഹത്യ. ഈ സഹകരണ സംഘത്തില്‍നിന്നും വായ്പയെടുത്തവരില്‍ തിരിച്ചടക്കാത്തത് 90 ശതമാനവും ബിജെപിക്കാര്‍ തന്നെയാണെന്നും അതില്‍ സംസ്ഥാന ഭാരവാഹികള്‍ വരെയുണ്ടെന്നും എംഎസ് കുമാര്‍ വെളിപ്പെടുത്തി.
'കൂടെ നില്‍ക്കും എന്ന് പ്രതീക്ഷിക്കുന്നവര്‍ സഹകരിക്കാതെ മാറിനില്‍ക്കുന്ന സ്ഥിതി വന്നത് കൊണ്ട് കൂടിയാകാം പാവം അനിലിന് സ്വന്തം മക്കളെ വരെ മറന്നു ഈ കടുംകൈ ചെയ്യേണ്ടി വന്നത്' എന്നും കുമാര്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ ചര്‍ച്ചയാകാന്‍ പോകുന്നത് കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യയും അതിലേക്കു നയിച്ച കാരണങ്ങളും ആയിരിക്കുമെന്നും ബിജെപി മുന്‍ വക്താവ് മുന്നറിയിപ്പ് നല്‍കുന്നു. അനിലിന്റെ സഹകരണ സംഘത്തില്‍ വായ്പ തിരിച്ചടയ്ക്കാത്തവരുടെ പേര് വിവരങ്ങള്‍ വരുംദിവസങ്ങളില്‍ ഫെയ്സ്ബുക്കിലൂടെ പുറത്ത് വിടുമെന്നും എം എസ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം....
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരു വിളിപ്പാടകലെയാണ് സംസ്ഥാനം. ഗാസയുദ്ധം മുതല്‍ പി എം ശ്രീ പദ്ധതിവരെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്തേക്കാം. എന്നാല്‍ തിരുവനന്തപുരം നഗരസഭയിലെങ്കിലും ചര്‍ച്ചയാകാന്‍ പോകുന്നത് കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യയും അതിലേക്കു നയിച്ച കാരണങ്ങളും ആയിരിക്കും. വര്ഷങ്ങളായി ഞാന്‍ അറിയുന്ന അനില്‍ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന യുവാവും മിടുക്കനായ ജനപ്രതിനിധിയും ആണ്. രാഷ്ട്രീയത്തില്‍ ഒരുപാടു ഉയരങ്ങളില്‍ എത്തേണ്ട ആ ചെറുപ്പക്കാരന് പാതിവഴിയില്‍ ശരീരം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നത് അദ്ദേഹം ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗം ആയിപോയതുകൊണ്ടാണ്. അവസാന നാളുകളില്‍ അദ്ദേഹം അനുഭവിച്ചിട്ടുണ്ടാകാവുന്ന മാനസിക സമ്മര്‍ദ്ദം എനിക്ക് ഊഹിക്കാന്‍ കഴിയും. സമാനസാഹചര്യത്തിലൂടെയാണ് ഞാനും കടന്നുപോകുന്നത്. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പലരും സഹകരണ മേഖലയിലും ഇടപെട്ടുപോകുന്നത് . പെട്ടെന്നാണ് കേരളത്തില്‍ സഹകരണരംഗം തകര്‍ന്നടിയുന്നത്. കരുവന്നൂര്‍, കണ്ടല, ബി എസ് എന്‍ എല്‍ തുടങ്ങിയ സംഘങ്ങളിലെ വാര്‍ത്തകള്‍ പ്രവഹിച്ചതോടെ ചെറിയ സംഘങ്ങളില്‍ പുതിയ നിക്ഷേപങ്ങള്‍ വരാതെയായി. ഞങ്ങളുടെ സംഘത്തിനെതിരെ വ്യക്തിവിരോധം കൊണ്ട് ചിലര്‍ പൊടിപ്പും തൊങ്ങലും വച്ചു വാര്‍ത്ത മാധ്യമങ്ങളില്‍ കൊടുത്തതും അതിന്റെ സത്യാവസ്ഥകള്‍ മനസിലാക്കാതെ ചില മാധ്യമങ്ങള്‍ അതൊക്കെ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ സംഘം തകര്‍ന്നു എന്ന് പ്രചരിപ്പിച്ചു വായ്പ എടുത്തവര്‍ തിരിച്ചടവ് നിര്‍ത്തി. നിക്ഷേപകര്‍ കൂട്ടത്തോടെ അവരുടെ നിക്ഷേപം പിന്‍വലിക്കാനും എത്തുന്നു. ഈ അവസ്ഥയെ അതിജീവിക്കാന്‍ കൂടെ നില്‍ക്കും എന്ന് പ്രതീക്ഷിക്കുന്നവര്‍ സഹകരിക്കാതെ മാറിനില്‍ക്കുന്ന സ്ഥിതി കൂടി വന്നത് കൊണ്ട് കൂടി യാകാം പാവം അനിലിന് സ്വന്തം മക്കളെ വരെ മറന്നു ഈ കടുംകൈ ചെയ്യേണ്ടി വന്നത്. കാശ് കൊടുത്തു സഹായിക്കണ്ട. പക്ഷെ വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരെ കൊണ്ട് അടപ്പിക്കാനെങ്കിലും കഴിയുമായിരുന്നു.അതും ചെയ്തില്ല എന്നതാണ് പ്രധാനം. മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം.
വളരെ ആലോചിച്ച ശേഷം ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഞാന്‍ കൂടി ഉള്ള സംഘത്തില്‍ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും എന്റെ പാര്‍ട്ടിക്കാരാണ്. തിരിച്ചടക്കാത്തവരില്‍ 90% വും അതെ പാര്‍ട്ടിക്കാര്‍ തന്നെ. അതില്‍ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന ഭാരവാഹികള്‍ ( സെല്‍ കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെ )ഉണ്ട്. മറ്റു പാര്‍ട്ടികളില്‍ നിന്ന് നമ്മുടെ സഹായത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്. അവരോടൊക്കെ ചോദിച്ചും പറഞ്ഞും മടുത്തത് കൊണ്ട് അവരുടെയെല്ലാം പേരുകളും അവരടക്കേണ്ട തുകയും എല്ലാം എഫ്ബി യിലൂടെ വെളിപെടുത്താന്‍ തീരുമാനിക്കുന്നത്. അടുത്ത പോസ്റ്റ് ഈ പേരുകള്‍ വെളിപ്പെടുത്തി കൊണ്ടുള്ളതാകും. ജീവിതത്തില്‍ ഇന്നുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ലാത്ത ഞാന്‍ ഇവരെയൊക്കെ സഹായിച്ചുപോയി എന്ന വലിയ തെറ്റിന് ഇന്ന് അനഭിമതനും വെറുക്കപ്പെട്ടവനും,ആയിമാറി. ഒരു ഗുണപാഠം ഇതില്‍നിന്നൊക്കെ പഠിച്ചു. കഴിയുമെങ്കില്‍ ആരെയും സഹായിക്കാതിരിക്കുക. ജീവിത സായാഹ്നത്തില്‍പുതിയ പാഠം പഠിച്ചിട്ടെന്തു കാര്യം? നിക്ഷേപം വായ്പയായി കൈപറ്റി മുങ്ങിനടക്കുന്നവര്‍ മാന്യന്മാരും ജനനേതാക്കളും ആകുന്ന ആ കളി ഇനി വേണ്ട. ജനങ്ങള്‍ അറിയട്ടെ. ഇവരെ മുന്‍നിര്‍ത്തി നഗരഭരണം പിടിക്കാന്‍ ഒരുങ്ങുന്ന നേതാക്കള്‍ തിരിച്ചറിയുക. ജനങ്ങള്‍ വിവേകം ഉള്ളവരും കാര്യങ്ങള്‍ തിരിച്ചറിയുന്നവരും ആണ്. അവര്‍ വോട്ടര്‍മാരും ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates