

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ' സംസ്ഥാനത്ത് നടപ്പാക്കുന്നതിനെ കുറിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സംസ്ഥാന ഘടകമെടുക്കുന്ന തീരുമാനത്തില്‍ ആവശ്യമെങ്കില്‍ ദേശീയ നേതൃത്വം ഇടപെടും. സിപിഐയെ അവഗണിക്കില്ലെന്നും ദേശീയ വിദ്യാഭ്യസനയം ഒരു കാരണവശാലും കേരളം അംഗികരിക്കില്ലെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു
'എങ്ങനെയാണ് വളരെയധികം സാമ്പത്തിക ഞെരുക്കം നേരിടുന്ന കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനമാകുന്ന വിധത്തില്‍ കേന്ദ്രഫണ്ട് വിനിയോഗിക്കാന്‍ കഴിയുക എന്നുള്ളത് പരിശോധിക്കുകയെന്നാണ് ഇതിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചത്. സിപിഐ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ ഇടതുമുന്നണി ഈ വിഷയം ചര്‍ച്ച ചെയ്യും. സിപിഐയെ അവഗണിക്കുന്ന ഒരു സമീപനം അഖിലേന്ത്യാതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടാകില്ല. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ഇടുതുമുന്നണിക്കും സര്‍ക്കാരിനും കഴിയും. അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമ്പോള്‍ അതില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ, അതുതന്നെ അംഗീകരിച്ചാല്‍ മതിയോ എന്നത് ദേശീയനേതൃത്വം ചര്‍ച്ച ചെയ്യും' -എംഎ ബേബി പറഞ്ഞു.
'പിഎം ശ്രീ'യില്‍ ഒപ്പിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫോ മന്ത്രിസഭയോ ചര്‍ച്ച ചെയ്യാത്ത വിഷയം സ്വന്തംനിലയ്ക്കു നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പു തീരുമാനിക്കുകയാണ് ഉണ്ടായതെന്നാണ് സിപിഐ പറയുന്നത്. പദ്ധതിയുടെ ഭാഗമായാല്‍ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയ സമീപനം ഇല്ലാതാകുമോ എന്ന് ആശങ്കയുണ്ടെന്നും എതിര്‍പ്പറിയിക്കേണ്ടിടത്ത് അറിയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
