'കഞ്ചാവ് വില്‍പ്പന പൊലീസിനെ അറിയിച്ചു'; സുഹൃത്തിനെ മര്‍ദിച്ച ശേഷം കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി; മുഖ്യപ്രതി പിടിയില്‍
കണ്ണൂര്‍: ആലക്കോട് കുടിയാന്‍മലയില്‍ കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. നടുവില്‍ പടിഞ്ഞാറെ കവലയിലെ വി.വി. പ്രജുലിന്റെ(30) മരണമാണ് പൊലീസ് അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നടുവില്‍ പോത്തുകുണ്ട് വയലിനകത്ത് മിഥിലാജിനെയാണ് (26) കുടിയാന്‍മല പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസില്‍ മാസങ്ങള്‍ക്കു മുമ്പ് എക്സൈസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
കൂട്ടുപ്രതിയായ നടുവില്‍ കിഴക്കേ കവലയിലെ ഷാക്കിര്‍ ഒളിവിലാണ്. ഇരുവരും ചേര്‍ന്ന് പ്രജുലിനെ മര്‍ദിക്കുകയും കുളത്തിലേക്ക് തള്ളിയിട്ട് കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കഞ്ചാവ് വില്‍പന പൊലിസിനെ അറിയിച്ച വൈരാഗ്യത്തിനാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.
കഴിഞ്ഞ മാസം 25നാണ് നടുവില്‍ കോട്ടമലയിലേക്കുള്ള റോഡരികില്‍ പ്രജുലിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് നടുവില്‍ ടൗണിനടുത്തുള്ള എരോടിയിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കുളത്തില്‍നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. രാത്രിയില്‍ കുളത്തിനടുത്ത് വച്ച് മരിച്ച പ്രജുലും പ്രതികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ പരുക്കേറ്റ പ്രജുലിനെ കുളത്തിലേക്കു തള്ളിയിടുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരത്തില്‍ മര്‍ദനമേറ്റതായ പാടുകള്‍ കണ്ടെത്തിയിരുന്നു. പ്രജുലിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുളത്തില്‍ മൃതദേഹം കണ്ടത്. നടുവില്‍ പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങള്‍ സജീവമാണ്. ഇവര്‍ക്കെതിരെ പൊലിസ് കര്‍ശനമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
main accused arrested in kannur Prajul murder case
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

