പാലക്കാട്: 46 മണിക്കൂര്‍ നീണ്ട നെഞ്ചിടിപ്പിന് വിരാമം. മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ കരസേന സുരക്ഷിതമായി ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം സമ്പൂര്‍ണമായി വിജയം കണ്ടപ്പോള്‍ ബാബുവിന്റെ മനോധൈര്യവും ഇച്ഛാശക്തിയും അതില്‍ തെളിഞ്ഞുനിന്നു. ബുധനാഴ്ച രാവിലെ 10.20 ഓടെ ബാബുവുമായി ആര്‍മി സംഘം മലമുകളിലെത്തി.
രാവിലെ ഒന്‍പതരയോടെ സമീപമെത്തി ധൈര്യം പകര്‍ന്ന സൈനികന്റെ സഹായത്തോടെയാണ് ബാബു മലമുകളിലേക്ക് കയറാന്‍ തുടങ്ങിയത്. റോപ് അടക്കമുളള സുരക്ഷാ സംവിധാനങ്ങളോടെയാണ് സേനാംഗങ്ങള്‍ ബാബുവിനെ രക്ഷിക്കാനുളള ശ്രമത്തില്‍ ഏര്‍പ്പെട്ടത്.
കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്്. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു.
അവശനിലയിലായ യുവാവിനെ ചൊവ്വാഴ്ച ഹെലികോപ്റ്റര്‍ എത്തിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദേശീയ ദുരന്തനിവാരണസേനാംഗങ്ങളും അഗ്‌നിരക്ഷാസേനാംഗങ്ങളും കരസേനയും രാത്രി വൈകിയും രക്ഷാശ്രമം തുടര്‍ന്നെങ്കിലും വിജയിച്ചിരുന്നില്ല. ഡ്രോണില്‍ കെട്ടിവെച്ച് ചെറിയ കുപ്പിയില്‍ ഇളനീര്‍വെള്ളം യുവാവിന് അടുത്തേക്കെത്തിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ഡ്രോണ്‍ താഴെവീണു. സുലൂരില്‍ നിന്ന് സൈന്യം എത്തിയതിന് ശേഷം മാത്രമാണ് ബാബുവിന് വെള്ളം എത്തിക്കാനും റോപ്പ് ഉപയോ?ഗിച്ച് ഉയര്‍ത്താനും സാധിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ബെംഗളൂരുവിലെ പാരച്യൂട്ട് റെജിമെന്റില്‍നിന്നുള്ള ഇരുപതംഗസംഘമെത്തിയത്.
ചൊവ്വാഴ്ച രാത്രി പതിനൊന്നേകാലോടെ മലമ്പുഴ ചെറാട് കൂര്‍മ്പാച്ചിമലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ സൂലൂരില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങളെത്തിയത്. ലഫ്. കേണല്‍ ഹേമന്ദ്‌രാജിന്റെ നേതൃത്വത്തില്‍ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കളക്ടര്‍ മൃണ്‍മയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മലകയറിയത്. ശേഷം കേരളം കണ്ട ഏറ്റവും സാഹസികമായ രക്ഷാദൗത്യത്തിലൂടെയാണാണ് സൈന്യം ബാബുവിനെ രക്ഷിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates