

മലപ്പുറം: ഒരു സാധാരണ തൊഴിലുറപ്പ് തൊഴിലാളിയുടെ അസാധാരണമായ സത്യസന്ധതയ്ക്ക് മുന്നില്‍ കൈയടിക്കുകയാണ് മലപ്പുറം മൊറയൂര്‍ ഗ്രാമം. മൊറയൂര്‍ പഞ്ചായത്ത് 11ാം വാര്‍ഡ് പൂതനപ്പറമ്പിലെ കല്യാണി എന്ന തൊഴിലാളിയുടെ നന്മയിലാണ്, ഒരു കുടുംബത്തിന് 5 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടുപോയ സ്വര്‍ണാഭരണം സുരക്ഷിതമായി തിരികെ ലഭിച്ചത്.
കഴിഞ്ഞദിവസം പ്രദേശത്ത് തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് കല്യാണിക്ക് മണ്ണില്‍ നിന്നും അരപ്പവന്റെ കൈചെയിന്‍ ലഭിക്കുന്നത്. ഒട്ടും വൈകാതെ തന്നെ അവര്‍ ഈ വിവരം തങ്ങളുടെ മേല്‍നോട്ടക്കാരായ ഉദ്യോഗസ്ഥരെയും വാര്‍ഡ് മെമ്പറെയും അറിയിച്ചു. സ്വര്‍ണം കിട്ടിയ വിവരം നാട്ടില്‍ പാട്ടായെങ്കിലും, അത് എന്ത് ആഭരണമാണെന്ന കാര്യം അധികൃതര്‍ രഹസ്യമാക്കി വെച്ചു.
തോട്ടില്‍ കുളിക്കുന്നതിനിടെ തങ്ങളുടെ കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് ചിലര്‍ ആദ്യം രംഗത്തെത്തിയിരുന്നു. എന്നാല്‍ ആഭരണം കൃത്യമായി തിരിച്ചറിയാന്‍ അവര്‍ക്ക് സാധിച്ചില്ല.
ഇതിനിടയിലാണ് സമീപവാസിയായ ഫാത്തിമ ഷിഫാന എന്ന വീട്ടമ്മ വിവരമറിഞ്ഞ് എത്തുന്നത്. അഞ്ച് വർഷം മുൻപ് തന്റെ കുട്ടിയെ തോട്ടിൽ കുളിപ്പിക്കുന്നതിനിടെ കൈ ചെയിൻ നഷ്ടപ്പെട്ടിരുന്നുവെന്ന് ഷിഫാന പറഞ്ഞു. അന്ന് മാലയ്ക്കായി തോട്ടിൽ തെരച്ചിൽ നടത്തിയ കാര്യം നാട്ടുകാരിൽ ചിലരും ഓർത്തെടുത്തതോടെ ആഭരണം ഷിഫാനയുടേത് തന്നെയെന്ന് ഉറപ്പിച്ചു. തുടർന്ന് നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ കല്യാണി ആ ആഭരണം ഷിഫാനയ്ക്ക് കൈമാറി.
മൊറയൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ തുടക്കം മുതൽ സജീവമായ കല്യാണി, ഇവിടുത്തെ ഏറ്റവും മുതിർന്ന തൊഴിലാളികളിൽ ഒരാളാണ്. അഞ്ച് വർഷം മുൻപ് ഈ ആഭരണം നഷ്ടപ്പെടുമ്പോൾ കേരളത്തിൽ പവന് 32,000 രൂപയായിരുന്നു വിലയെങ്കിൽ, ഇന്ന് സ്വർണവില ഒരു ലക്ഷം രൂപയും കടന്ന് കുതിക്കുകയാണ്. പണത്തിന് ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലും, വിലപിടിപ്പുള്ള ആ സ്വർണം അതിന്റെ യഥാർത്ഥ ഉടമസ്ഥർക്ക് തന്നെ എത്തിക്കാൻ കാണിച്ച കല്യാണിയുടെ ഈ വലിയ മനസ്സിന് പ്രശംസ പ്രവാഹമാണിപ്പോൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates