

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതി പറയുന്നത്. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങാന്‍ എസ്പി ആവശ്യപ്പെട്ടുവെന്നും പൊന്നാനി സ്വദേശിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, യുവതിയുടെ ആരോപണം എസ്പി സുജിത് ദാസ് പൂര്‍ണമായി നിഷേധിച്ചു. തന്റെ കുടുംബം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിവിലായും ക്രിമിനലായും കേസ് നല്‍കുമെന്നും സുജിത് ദാസ് പറഞ്ഞു. 2022ല്‍ സഹോദരനും കുട്ടിക്കുമൊപ്പമായിരുന്നു സ്ത്രീ തന്റെ ഓഫീസിലെത്തിയത്. അതിന് രേഖകളും ഉണ്ട്. പൊന്നാനി ഇന്‍സ്പക്ടെര്‍ക്കെതിരെയും തിരൂര്‍ ഡിവൈഎസ്പിക്കെതിരെയും പരാതിയുമായാണ് യുവതി എത്തിയത്. സാധാരണ പരാതിക്കാരെ കാണുന്നതുപോലെയാണ് ഇവരെ കണ്ടത്. പൊന്നാനി സ്റ്റേഷനുമായി ബന്ധപ്പെട്ട് നിരവധി പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്ന് അറിയാന്‍ കഴിഞ്ഞെന്നും എസ്പി പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്ന പരാതിക്ക് പിന്നില്‍ ഒരു മനുഷ്യനെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും സുജിത് ദാസ് പറഞ്ഞു
സംഭവത്തെ കുറിച്ച് നേരത്തെ പരാതി വന്നപ്പോള്‍ അന്വേഷിച്ചിരുന്നെന്നും കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും ഡിവൈഎസ്പി ബെന്നി പറഞ്ഞു. എല്ലാതലങ്ങളിലും പരിശോധിച്ച ശേഷമാണ് കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരാതി തള്ളിയതെന്നും ബെന്നി പറഞ്ഞു. മുട്ടില്‍ മരം മുറിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിന്റെ ഭാഗമായിട്ടാണ് തനിക്കെതിരെ ഒരു ചാനല്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്നും ബെന്നി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2022ലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതി. ആദ്യം പരാതി നല്‍കിയ പൊന്നാനി സിഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറിയെന്നും എന്നാല്‍, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവര്‍ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് സുജിത് ദാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലുണ്ട്.
തന്നെ എസ്പിയുടെ വീട്ടില്‍ ക്ഷണിച്ചുവരുത്തിയപ്പോള്‍ അവിടെ സുഹൃത്തായ കസ്റ്റംസ് ഓഫീസറോടൊപ്പം മദ്യപിക്കുകയായിരുന്നു സുജിത് ദാസെന്നും തന്നെയും മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഇവര്‍ പറയുന്നു. അവിടെ നിന്ന് താന്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നു. തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനെ അങ്കിളെന്നാണ് സുജിത് ദാസ് വിശേഷിപ്പിച്ചതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും പരാതിയുമായി പോയാല്‍ തന്നെ ഉപദ്രവിക്കില്ലേ എന്ന ഭയം കാരണമാണ് മുന്നോട്ട് പോകാതിരുന്നതെന്നും ഉപദ്രവിച്ച ആളുകളോട് തന്നെയല്ലേ പരാതി പറയേണ്ടതെന്നും ഇവര്‍ പറഞ്ഞു. എസ്പിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്താന്‍ തീരുമാനിച്ചതെന്നും സ്ത്രീ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates