തിരുവനന്തപുരം: മദ്യാസക്തിയിൽ യുവതിയെ കാറിനകത്തുവച്ച് മർദ്ദിച്ച മുൻ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിന്റെ മകൻ അറസ്റ്റിൽ. പാറ്റൂർ സ്വദേശിയും വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനുമായ അശോകിനെയാണ് കഴിഞ്ഞ ദിവസം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രന്റെ പേഴ്സനൽ സ്റ്റാഫിന്റെ മകനാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 8.30ന് ലോ കോളജ് ജങ്ഷനിലായിരുന്നു സംഭവം. പരാതിക്കാരിയായ യുവതി അശോകിന്റെ അടുത്ത സുഹൃത്താണ്.
ടെക്നോപാർക്കിലാണ് യുവതി ജോലി ചെയ്യുന്നത്. ഏറെ നാളുകൾക്ക് ശേഷം യുവതിയെ കാണാൻ വന്നതാണ് സുഹൃത്തായ അശോക്.ഇയാൾ നന്നായി മദ്യപിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടയിൽ ഇയാൾ യുവതിയെ മർദിക്കുകയായിരുന്നു. കാറിനുള്ളിൽ നിന്ന് പെൺകുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ശ്രദ്ധിച്ചത്. ഇയാൾ പെൺകുട്ടിയെ കാറിൽ നിന്നിറക്കി നാട്ടുകാരുടെ മുന്നിൽവച്ചും മർദ്ദനം തുടർന്നു. ഇതോടെ നാട്ടുകാരും യുവാവും തമ്മിൽ വാക്കേറ്റമുണ്ടായി.
അഭിഭാഷകനാണെന്നും മുൻ മന്ത്രിയുടെ സ്റ്റാഫിന്റെ മകനാണെന്നും പറഞ്ഞ് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. സ്‌കൂട്ടറിലെത്തിയ രണ്ട് യുവതികൾ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. ഒടുവിൽ മ്യൂസിയം പൊലീസെത്തി യുവാവിനെയും പെൺകുട്ടിയെയും സ്റ്റേഷനിലേക്ക് മാറ്റി.
യുവതിയുടെ മൂക്കിൽ നിന്ന് രക്തം വന്നതിനെ തുടർന്ന് ഇരുവരെയും മെഡിക്കൽ പരിശോധനക്ക് വിധേയരാക്കി. തുടർന്ന് യുവതിയുടെ പരാതിയിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കൽ, സ്ത്രീകൾക്കെതിരെയുള്ള ആക്രമണം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates