കൊച്ചി : കോതമംഗലത്ത് ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. രഖില്‍ തോക്ക് സ്വന്തമാക്കിയത് ബിഹാറില്‍ നിന്നാണെന്ന് പൊലീസിന്റെ നിഗമനം. ബിഹാറിലെത്തിയ രഖില്‍ നാലിടങ്ങളിലായി എട്ടു ദിവസം തങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ജൂലൈ 12 ന് എറണാകുളത്തു നിന്നാണ് രഖില്‍ സുഹൃത്തിനൊപ്പം ബിഹാറിലേക്ക് പോയത്.
മാനസയെ ശല്യം ചെയ്യുന്നു എന്നു കാണിച്ച് യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ രഖിലിനെ പൊലീസ് വിളിപ്പിച്ചതിന് ശേഷമായിരുന്നു ബിഹാര്‍ യാത്ര. രഖിലിന്റെ ബിഹാര്‍ യാത്രയുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇന്റര്‍നെറ്റ് നിന്നാണ് തോക്ക് ബിഹാറില്‍ കിട്ടുമെന്ന് രഖില്‍ മനസിലാക്കിയതെന്നാണ് സൂചന. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാന്‍ ബിഹാറിലേക്ക് പോകുന്നു എന്നാണ് വീട്ടില്‍ അറിയിച്ചത്.
പഴയ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. 7.62 എംഎം പിസ്റ്റളില്‍ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാന്‍ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് വെടിയുതിര്‍ത്തത്. ചെവിക്ക് പിന്നിലും നെഞ്ചിലുമാണ് വെടിവെച്ചത്. ഇതിന് പിന്നാലെ രഖിലും സ്വന്തം തലയില്‍ വെടിവെച്ചു ജീവനൊടുക്കി. കൂട്ടുകാരികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു രഖില്‍ വീട്ടിലെത്തി മാനസയെ വെടിവെച്ചത്.
ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് ചെന്നപ്പോള്‍ മാനസയെ ഒരു തരത്തിലും ശല്യപ്പെടുത്തരുതെന്ന് കണ്ണൂര്‍ ഡിവൈഎസ്പി കര്‍ശനമായ മുന്നറിയിപ്പ് രഖിലിനു നല്‍കിയിരുന്നു. ഇതിന് മൂന്നാഴ്ചയ്ക്കുള്ളിലായിരുന്നു കൊലപാതകം. ഒരു വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ പാര്‍വണം വീട്ടില്‍ മാനസയും തലശ്ശേരി മേലൂര്‍ സ്വദേശി രഖിലും തമ്മില്‍ പരിചയപ്പെടുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ രഖില്‍ ഇടയ്ക്കിടയ്ക്ക് കര്‍ണാടകയില്‍ പോകാറുണ്ടെന്ന് സുഹൃത്ത് പൊലീസിനോട് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ രഖിലിന്റെ കര്‍ണാടക യാത്രകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates