ആലപ്പുഴ; വിവാഹത്തിന് വേണ്ടിയാണ് കഴിഞ്ഞ മാസം 22ന് ശരത് മോൻ ഖത്തറിൽ നിന്ന് എത്തിയത്. ക്വാറന്റീൻ പൂർത്തിയാക്കി പരിശോധന നടത്തിയപ്പോൾ നെഗറ്റീവ്. പിന്നീട് ശരത് വിവാഹത്തിരക്കിലായിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. തുടർന്നുനടത്തിയ ടെസ്റ്റിൽ പോസിറ്റീവായി. ഇതോടെ വിവാഹം പ്രതിസന്ധിയിലായി. ഒരു വർഷത്തിൽ അധികമായി നീണ്ടുപോയ വിവാഹം വീണ്ടും മാറ്റിവയ്ക്കേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു വരനും വധുവും വീട്ടുകാരും. എന്നാൽ വിവാഹം മുടങ്ങില്ല, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ വച്ച് ശരത് മോൻ അഭിരാമിയെ താലിചാർത്തും.
ഇന്ന് ഉച്ചയ്ക്ക് 12നും 12.15 നും മധ്യേയായിരുന്നു വിവാഹം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് വാർഡിലെ പ്രത്യേകമുറിയാണ് വിവാഹവേദിയായത്. വിവാഹവേഷത്തിനു മുകളിൽ പിപിഇ കിറ്റ് ധരിച്ചാണ് ശരത്തും അഭിരാമിയും വിവാഹിതരായത്. ശരത്തിന്റെ അമ്മ ജിജിമോളും അഭിരാമിയും മാതൃസഹോദരീ ഭർത്താവും മാത്രമാണ് സുരക്ഷാവസ്ത്രംധരിച്ച് ചടങ്ങിൽ പങ്കെടുക്കുന്നത്. ഏതാനും ബന്ധുക്കൾ ആശുപത്രിക്കുപുറത്തുണ്ടായി. ശരത്തിന്റെ അച്ഛനും സഹോദരിമാരും മുത്തശ്ശിയും വീട്ടിൽ ക്വാറന്റീനിലാണ്. വിവാഹശേഷം അഭിരാമി മാതൃസഹോദരിയുടെ വീട്ടിലേക്കുമടങ്ങും. ശരത് കോവിഡ്മുക്തനായി നീരീക്ഷണവും കഴിഞ്ഞിട്ടാകും ഇവർ ഒരുമിച്ചുള്ള ജീവിതംതുടങ്ങുക.
ഖത്തറിലാണ് ശരത്‌മോന് ജോലി. ഒരുകൊല്ലംമുൻപ് ഇരുവീട്ടുകാരും വിവാഹത്തിന് തീരുമാനിച്ചെങ്കിലും ശരത്തിന് നാട്ടിലെത്താൻ കഴിയാത്തതിനാൽ നീണ്ടുപോയി. കഴിഞ്ഞമാസം 22-നാണ് നാട്ടിലെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് ശരത്തിനും അമ്മയ്ക്കും ശ്യാസംമുട്ടലുണ്ടായി തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പോയത്. പരിശോധനയിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ പ്രവേശിപ്പിക്കുകയുംചെയ്തു.
കുട്ടനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസ്, എൻസിപി ജില്ലാ സെക്രട്ടറി പി. സണ്ണി, എസ്എൻഡിപി മാനേജിങ് കമ്മിറ്റിയംഗം ഷജി ഗോപാലൻ എന്നിവർ മുൻകൈയെടുത്താണ് ആശുപത്രിയിൽ വിവാഹത്തിന് അവസരമൊരുക്കിയത്. കളക്ടർ എ. അലക്സാണ്ടർ, ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ എന്നിവർ അനുമതിനൽകി. ശരത്തും അമ്മ ജിജിമോളും അഭിരാമിയും മാതൃസഹോദരീ ഭർത്താവും മാത്രമാണ് സുരക്ഷാവസ്ത്രംധരിച്ച് ചടങ്ങിൽ പങ്കെടുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates