മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍, വയനാട്ടില്‍ വന്‍ പ്രതിഷേധം; കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്

വയനാട്ടിലെ മാനന്തവാടിയില്‍ കടുവ യുവതിയെ കൊന്നുതിന്ന സംഭവത്തില്‍ സ്ഥലത്ത് നാട്ടുകാരുടെ വന്‍ പ്രതിഷേധം
Massive protest in Wayanad after woman attacked by tiger
കടുവയുടെ ആക്രമണത്തിൽ മരിച്ച രാധസ്ക്രീൻ‌ഷോട്ട്
Updated on
1 min read

കല്‍പ്പറ്റ: വയനാട്ടിലെ മാനന്തവാടിയില്‍ കടുവ യുവതിയെ കൊന്നുതിന്ന സംഭവത്തില്‍ സ്ഥലത്ത് നാട്ടുകാരുടെ വന്‍ പ്രതിഷേധം. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറും ഡിഎഫ്ഒയും ഉറപ്പുനല്‍കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ അനുവദിക്കാതെയാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. മൃതദേഹം എത്തിച്ച പ്രിയദര്‍ശിനി എസ്റ്റേറ്റ് ഓഫീസ് വളഞ്ഞാണ് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നത്. അതിനിടെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. കടുവയെ വെടിവെച്ചു കൊല്ലുന്നത് വരെ പ്രതിഷേധം തുടരുമെന്നതാണ് നാട്ടുകാരുടെ നിലപാട്.

സംഭവ സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. നാട്ടുകാരെ അനുനയിപ്പിക്കാന്‍ എല്ലാതരത്തിലും ശ്രമിക്കുന്നുണ്ടെങ്കിലും ജില്ലാ കലക്ടറും ഡിഎഫ്ഒയും ഉടന്‍ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജില്ലാ കലക്ടര്‍ എത്താത്തിലും നാട്ടുകാര്‍ പ്രതിഷേധിച്ചു.

അതിനിടെ നാട്ടുകാരെ അനുനയിപ്പിക്കാന്‍ മന്ത്രി ഒ ആര്‍ കേളു സ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ കൂക്കിവിളികളോടെ അദ്ദേഹത്തെ തടഞ്ഞു. അനുനയിപ്പിക്കാന്‍ മന്ത്രിക്ക് പോലും സാധിക്കാത്തവിധം കടുത്ത രോഷത്തിലാണ് നാട്ടുകാര്‍. ഇതിനെ തുടര്‍ന്ന് മന്ത്രിയെ പൊലീസ് എസ്റ്റേറ്റ് ഓഫീസിലേക്ക് മാറ്റി. വെളുപ്പിന് തേയില നുള്ളാന്‍ പോകുന്നവരാണ്. നാളെ ഞങ്ങളെയും കൊല്ലില്ലേ, അതുകൊണ്ട് ഇതിന് ഒരു പരിഹാരം വേണം'- നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം. രാവിലെ വനത്തോടു ചേര്‍ന്നു പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. അതിനുശേഷം മൃതദേഹം അല്‍പ്പദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പുല്‍പള്ളി അമരക്കുനിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി 9 ദിവസം ആയപ്പോഴാണു മറ്റൊരു കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ആദ്യമായാണ് വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com