

പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ് മാവേലിക്കര. ചരിത്രം പരിശോധിച്ചാല്‍ രണ്ടേ രണ്ട് തവണ മാത്രമാണ് മാവേലിക്കര ഇടത്തേക്ക് ചാഞ്ഞിട്ടുള്ളത്. 1962ലാണ് മണ്ഡലം രൂപീകൃതമായത്. ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ 1951ല്‍ കൊല്ലം-മാവേലിക്കര എന്ന പേരിലായിരുന്നു മണ്ഡലം. 1962ലാണ് മാവേലിക്കര എന്ന പേരില്‍ മണ്ഡലം രൂപംകൊള്ളുന്നത്. 1967ല്‍ തിരുവല്ല മണ്ഡലം ഇല്ലാതായപ്പോള്‍ വീണ്ടും രൂപം മാറി. പിന്നെ 2008ലെ പുനര്‍നിര്‍ണ്ണയത്തില്‍ വീണ്ടും രൂപമാറ്റം. അന്ന് ഇല്ലാതായത് സംവരണ മണ്ഡലമായ അടൂര്‍, ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ മൂന്നു ജില്ലകളിലായി പരന്നുകിടക്കുന്നതാണ് മാവേലിക്കര ലോക്‌സഭ മണ്ഡലം. തെക്ക് കൊല്ലം അച്ചന്‍കോവില്‍തുറ പാലം മുതല്‍ തുടങ്ങുന്ന മണ്ഡലം കോട്ടയം, ചങ്ങനാശ്ശേരി വഴി ആലപ്പുഴ കുട്ടനാടുവരെ പരന്നു കിടക്കുന്നു.
1962 മുതല്‍ നടന്ന 15 പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ പത്തു പ്രാവശ്യവും ഇവിടെ ജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു. 1962ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പട്ടികജാതി സംവരണ മണ്ഡലമായിരുന്ന മാവേലിക്കരയില്‍നിന്നു കോണ്‍ഗ്രസിന്റെ ആര്‍ അച്യുതന്‍ 7288 വോട്ടിനു സിപിഐയിലെ പികെ കൊടിയനെ പരാജയപ്പെടുത്തി. മണ്ഡലം ജനറല്‍ സീറ്റായതോടെ 1967ലെ തെരഞ്ഞെടുപ്പില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജിപി മംഗലത്തുമഠം കോണ്‍ഗ്രസ്സിലെ എംപിഎസ്‌വി പിള്ളയെ തോല്‍പ്പിച്ചു.
1984ലെ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. തമ്പാന്‍ തോമസിനേയും 2004ല്‍ സിപിഎമ്മിന്റെ സിഎസ് സുജാതയേയും ജയിപ്പിച്ചതൊഴിച്ചാല്‍ മറ്റ് തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ്സിനൊപ്പം നിന്ന പാരമ്പര്യമാണ് മാവേലിക്കരയ്ക്ക്. കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര്‍ ബാലകൃഷ്ണപിള്ള സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എസ്. രാമചന്ദ്രന്‍പിള്ളയെ തറപറ്റിച്ച തെരഞ്ഞെടുപ്പായിരുന്നു 1971ലേത്. 55,527 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 55.6ശതമാനം വോട്ട് ബാലകൃഷ്ണപിള്ള നേടിയപ്പോള്‍ എസ്ആര്‍പിക്ക് നേടാനായത് 41.1ശതമാനം വോട്ട് മാത്രം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെ അഞ്ചു തവണ ലോക്‌സഭയിലെത്തിച്ച മാവേലിക്കര 1999ലെ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയേയും വിജയിപ്പിച്ചു. 2004ലെ തെരഞ്ഞെടുപ്പില്‍ മുപ്പത്തിമൂന്ന് വര്‍ഷത്തിന് ശേഷം മണ്ഡലത്തില്‍ ചെങ്കൊടി പാറി. തുടര്‍ച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ രമേശ് ചെന്നിത്തലയ്‌ക്കെതിരെ സിപിഎം നിര്‍ത്തിയത് പുതുമുഖമായ സിഎസ് സുജാതയെ. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മികച്ച ഭരണം കാഴ്ചവച്ച് ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റിയ സുജാതയുടെ വ്യക്തിപ്രഭാവത്തിനു മുന്നില്‍ ചെന്നിത്തലയ്ക്ക് അടിപതറി. 7,414 വോട്ടിന് ചെന്നിത്തലയെ തോല്‍പിച്ച് സുജാത മാവേലിക്കരയുടെ പ്രതിനിധിയായി ഡല്‍ഹിക്കു പോയി.
മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം സീറ്റ് വീതംവയ്പില്‍ സംവരണ മണ്ഡലമായ മാവേലിക്കര സിപിഎമ്മില്‍ നിന്ന് സിപിഐ ഏറ്റെടുത്തു. 2009ലേയും 2014ലേയും 2019ലേയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ കൊടിക്കുന്നില്‍ സുരേഷിനു തന്നെയായിരുന്നു വിജയം. 2009ല്‍ യുപിഎ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്നതും 2014ല്‍ സുരേഷിനു വിജയം എളുപ്പമാക്കി. അന്ന് സിപിഐയിലെ ചെങ്ങറ സുരേന്ദ്രനെതിരെ 32,737 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൊടിക്കുന്നില്‍ സുരേഷ് ജയിച്ചത്.
2019ല്‍ മണ്ഡലചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് മാവേലിക്കരക്കാര്‍ കൊടിക്കുന്നിലിനെ മൂന്നാമതും പാര്‍ലമെന്റിലേക്ക് അയച്ചത്. 61,138 വോട്ടുകളുടെ വ്യത്യാസത്തില്‍ സിപിഐയുടെ ചിറ്റയം ഗോപകുമാറിനെയാണ് കൊടിക്കുന്നില്‍ തോല്‍പിച്ചത്. 45.4 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ സിപിഐയുടെ വോട്ട് വിഹിതത്തില്‍ വന്‍ ഇടിവാണ് നേരിട്ടത്. 39.1 ശതമാനം വോട്ടുകള്‍ മാത്രമാണ് ചിറ്റയത്തിന് ലഭിച്ചത്. എന്‍ഡിഎ മുന്നണിക്കായി മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ഥി തഴവ സഹദേവന്‍ ഒരു ലക്ഷത്തിലധികം വോട്ട് നേടി സാന്നിധ്യം ശ്രദ്ധേയമാക്കി.
മറ്റ് മണ്ഡലങ്ങളിലേതുപോലെ ഒരോ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വളര്‍ച്ച ഇവിടെയും വ്യക്തമാണ്. 2014 യുവമോര്‍ച്ച നേതാവായ പി സൂധീര്‍ മണ്ഡലത്തില്‍ 8.97 ശതമാനം വോട്ടുകളാണ് നേടിയത്. മുന്‍വര്‍ഷത്തെക്കാള്‍ 3.87 വോട്ട് വിഹിതം വര്‍ധിപ്പിച്ചു. 2019ല്‍ എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിനാണ് സീറ്റ് നല്‍കിയത്. തഴവ സഹദേവന്‍ 1,33, 546 വോട്ടുകളാണ് നേടിയത്. ബിജെപിയുടെ വോട്ട് വിഹിതം വീണ്ടും 13.75 ശതമാനമായി ഉയര്‍ന്നു. ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് ബിജെപിയുടെ കണക്കൂകൂട്ടല്‍.
പല വമ്പന്‍ നേതാക്കളെയും അടിതെറ്റിച്ച ചരിത്രം യുവനേതാക്കള്‍ക്കുണ്ട്. ഇത്തവണ മണ്ഡലത്തില്‍ ചുവക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. എല്‍ഡിഎഫിനു മേല്‍ക്കൈയുള്ള നിയമസഭാ മണ്ഡലങ്ങളുടെ കരുത്ത് ലോക്‌സഭയില്‍ തങ്ങളെ തുണയ്ക്കുമെന്ന വിശ്വാസവും നിലവിലെ രാഷ്ട്രീയ സാഹചര്യം അനൂകൂലമാണെന്നുമാണ് അവരുടെ വാദം.
പരിചയ സമ്പന്നതയും മണ്ഡലത്തിലെ ഇടപെടലും മണ്ഡലം കൈവിടില്ലെന്ന് കോണ്‍ഗ്രസ് കരുതുന്നു. മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ മാത്രം പറഞ്ഞാലും വോട്ട് കൂടുമെന്ന് എന്‍ഡിഎയും പറയുന്നു. കേരള കോണ്‍ഗ്രസ് മാണിവിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിനുശേഷമുള്ള ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പാണിത്. മാവേലിക്കര മണ്ഡലത്തില്‍ ആദ്യമായി ചെങ്കൊടി പാറാന്‍ അത് സഹായകമാകുമോയെന്ന് കാത്തിരുന്ന് കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
