തിരുവനന്തപുരം : സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെ സിപിഎം മേയര്‍മാരെ ഇന്നു തീരുമാനിച്ചേക്കും. സിപിഎം ജില്ലാ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് കൗണ്‍സിലിലെ നേതാവിനെ നിശ്ചയിക്കും. തിരുവനന്തപുരത്ത് 21 കാരി ആര്യ രാജേന്ദ്രനെയും, കോഴിക്കോട് ഡോ. ബീന ഫിലിപ്പിനെയും മേയര്‍മാരായി സിപിഎം തെരഞ്ഞെടുത്തിട്ടുണ്ട്.
കൊച്ചിയില്‍ ജില്ലാകമ്മിറ്റിയംഗവും കോര്‍പ്പറേഷനിലെ സിപിഎമ്മിന്റെ ജനകീയമുഖവുമായ എം അനില്‍കുമാറിന് തന്നെയാണ് സാധ്യത. ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമെടുത്ത് ഞായറാഴ്ച ജില്ല കമ്മിറ്റി യോഗത്തിനുശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ലീഗ് വിമതനും കോണ്‍ഗ്രസ് വിമതനും പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ നടക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായി വിമരിച്ച ഡോ. ബീന ഫിലിപ്പിനെ സിപിഎം കഴിഞ്ഞദിവസം മേയറായി തീരുമാനിച്ചിരുന്നു. പൊറ്റമ്മല്‍ ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് ബീന ഫിലിപ്പ്.
സിപിഎം മേധാവിത്വമുള്ള കൊല്ലം കോര്‍പ്പറേഷനില്‍ ജില്ലാ കമ്മിറ്റിയംഗവും മുന്‍ മേയറുമായ പ്രസന്ന ഏണസ്റ്റിനാണ് സാധ്യത കൂടുതല്‍. മുന്‍ ഡെപ്യൂട്ടി മേയര്‍ ഗീതാകുമാരി, യുവ നേതാവ് യു. പവിത്ര എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കപ്പെടുന്നു. തിരുവനന്തപുരം മാതൃകയില്‍ പുതുമുഖം മേയര്‍ സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയും തള്ളാനാകില്ല.
ആകെയുള്ള 55 ഡിവിഷനുകളില്‍ 29 സീറ്റ് നേടിയ സിപിഎമ്മിന് നഗരസഭാ ഭരണത്തിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. എങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുന്നണിക്കുള്ളിലെ കലഹം ഒഴിവാക്കുന്നതിനായി, മുന്‍ വര്‍ഷങ്ങളിലേതു പോലെ അവസാന വര്‍ഷം മേയര്‍ പദവി സിപിഐക്ക് നല്‍കിയേക്കും.
തൃശൂരില്‍ കോണ്‍ഗ്രസ് വിമതനായ എം കെ വര്‍ഗീസിനാണ് സാധ്യത. മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് വര്‍ഗീസ് അറിയിച്ചിട്ടുള്ളത്. ഭരണം ലഭിക്കുന്നതിന് വിമതന്റെ പിന്തുണ അനിവാര്യമായതിനാല്‍ വര്‍ഗീസിന്റെ ആവശ്യത്തിന് സിപിഎം വഴങ്ങിയേക്കുമെന്നാണ് സൂചന.
രണ്ടു വര്‍ഷത്തേക്ക് വര്‍ഗീസിനെ മേയറാക്കുകയും തുടര്‍ന്ന് സിപിഎമ്മിന് മേയര്‍ പദവി വെച്ചുമാറുന്നതും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ഷാജന് മേയര്‍ സ്ഥാനത്തേക്ക് നറുക്ക് വീണേക്കും. ഇടതുമുന്നണി സ്ഥാനാര്‍ഥി മരിച്ചതിനാല്‍ തൃശൂരില്‍ ഒരു ഡിവിഷനിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. തൃശൂരില്‍ എല്‍ഡിഎഫിന് 24 ഉം യുഡിഎഫിന് 23 ഉം സീറ്റാണുള്ളത്.
അതേസമയം യുഡിഎഫിന് ലഭിച്ച ഏക കോര്‍പ്പറേഷനായ കണ്ണൂരില്‍ ഞായറാഴ്ചയോടെ മേയറെ തീരുമാനിച്ചേക്കും. മേയര്‍ സ്ഥാനത്തിനായി എ, ഐ ഗ്രൂപ്പുകള്‍ പോരാട്ടത്തിലാണ്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, കെപിസിസി നിര്‍വാഹകസമിതി അംഗം അഡ്വ. ടി ഒ മോഹനന്‍ എന്നിവരാണ് പരിഗണനയിലുള്ളത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 21 കാരിയായ ആര്യ രാജേന്ദ്രനെ മേയറായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. മുടവന്‍ മുകളില്‍ നിന്നുള്ള കൗണ്‍സിലറാണ് ആര്യ. ബിരുദ വിദ്യാര്‍ത്ഥിയായ ആര്യ മേയറാകുന്നതോടെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ബഹുമതിയും ആര്യയ്ക്ക് ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates