പാലക്കാട്: മണ്ണാര്‍ക്കാട്ട് ചികിത്സ തേടി എത്തിയ എട്ടുവയസ്സുകാരന് നല്‍കിയ ഗുളികയില്‍ (tablet) കമ്പിക്കഷണം. നഗരസഭയുടെ കീഴില്‍ നാരങ്ങപ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയാരോഗ്യകേന്ദ്രത്തില്‍ നിന്ന് നല്‍കിയ പാരസെറ്റമോള്‍ ഗുളികയിലാണ് കമ്പിക്കഷണം കണ്ടെത്തിയത്.
പനിയെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയുമായി കുടുംബം ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയത്. പരിശോധിച്ചശേഷം പാരസെറ്റമോള്‍ ഉള്‍പ്പെടെ രണ്ടുദിവസത്തേക്ക് രണ്ടു മരുന്നുകള്‍ ഡോക്ടര്‍ കുറിച്ചുനല്‍കി. ചെറിയ കുട്ടിയായതിനാല്‍ പാരസെറ്റമോള്‍ അരഗുളിക വീതം മൂന്നുനേരം കഴിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഇതുപ്രകാരം രാത്രി മാതാവ് റാബിയ ഗുളിക കൈകൊണ്ട് പകുതി മുറിച്ചപ്പോഴാണ് കമ്പിക്കഷണം കാണുന്നത്. ഗുളികയോളം നീളമുണ്ട് കമ്പിക്കഷണത്തിന് എന്ന് പരാതിയില്‍ പറയുന്നു.
നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് മണ്ണാര്‍ക്കാട് കല്ലിപ്പറമ്പന്‍ വീട്ടില്‍ കെ പി മുഹമ്മദ് അസീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ബുധനാഴ്ച പരാതി നല്‍കി. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ആരോഗ്യമന്ത്രിക്കും പരാതി നല്‍കി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന എത്തിക്കുന്ന മരുന്നാണ് ആരോഗ്യകേന്ദ്രത്തില്‍ രോഗികള്‍ക്ക് നല്‍കുന്നത്. സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ആരോഗ്യദൗത്യത്തിനും മണ്ണാര്‍ക്കാട് നഗരസഭയ്ക്കും റിപ്പോര്‍ട്ട് നല്‍കിയതായി നാരങ്ങപ്പറ്റ നഗര ജനകീയാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിഷ അറിയിച്ചു.
Metal piece found in tablet given for fever; family files complaint in Mannarkkad
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates