

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് സിറാം സാംബശിവു റാവുവിനെ മാറ്റിയതിൽ പ്രതികരണവുമായി എക്‌സൈസ് മന്ത്രി എം ലിജു. "എക്സൈസ് കമ്മീഷണറെ സ്ഥലംമാറ്റുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ ദിവസം 35 ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തിയിരുന്നു. ഒരു വകുപ്പിൽ നിന്ന് ഒരു ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുന്നത് ഇതാദ്യമാണോ? എക്സൈസ് കമ്മീഷണറോട് എനിക്ക് യാതൊരു അതൃപ്തിയുമില്ല..." മന്ത്രി ലിജു പറഞ്ഞു.
ഭരണപരമായ തീരുമാനങ്ങളാണ് അത്. അതിൽ മറ്റു പ്രത്യേകതയില്ല. തനിക്ക് അതൃപ്തിയുണ്ടോ എന്ന ചോദ്യം പോലും അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു. "വർഷങ്ങളായി വൈൻ പാർലറായി പ്രവർത്തിച്ചുപോന്ന ഒരു സ്ഥാപനം, അപേക്ഷ നൽകിയതിനെത്തുടർന്ന് ബാറായി മാറ്റിയതാണ് ഇവിടെയുള്ള വിഷയം. സർക്കാർ ഇക്കാര്യത്തിൽ തങ്ങളുടെ നയം വ്യക്തമാക്കിയിട്ടുണ്ട്. അനുവദിച്ച ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ട്." മന്ത്രി വ്യക്തമാക്കി.
" ഒരു പുതിയ ബാറിന് ലൈസൻസ് നൽകുമ്പോൾ, ഉദ്യോഗസ്ഥൻ തീർച്ചയായും സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. ഹൈക്കോടതിയിൽ സർക്കാർ ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകാൻ പാടില്ലെന്ന് സർക്കാർ ഉത്തരവിറക്കും." മന്ത്രി പറഞ്ഞു. എക്‌സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് സാംബശിവു റാവുവിനെ, പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പ് സ്പെഷൽ സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates