പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'വയര്‍ലസ് സന്ദേശത്തില്‍ പറഞ്ഞ പ്രകാരം വസ്ത്രം ധരിച്ച പെണ്‍കുട്ടി'; ആശുപത്രിയില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിയെ കണ്ടെത്തി, സംഭവം ഇങ്ങനെ 

തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടുകാരുമായി ഒന്നിപ്പിക്കുന്നതില്‍ നിര്‍ണായകമായി സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ലഭിച്ച വയര്‍ലസ് സന്ദേശം
Published on

തൃശൂര്‍:  തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടുകാരുമായി ഒന്നിപ്പിക്കുന്നതില്‍ നിര്‍ണായകമായി സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ലഭിച്ച വയര്‍ലസ് സന്ദേശം. ഡോക്ടറെ കണ്ട് മരുന്നു വാങ്ങുന്നതിനായി അമ്മ പോയ തക്കത്തിന് പെണ്‍കുട്ടി പുറത്തുകടക്കുകയായിരുന്നു. അമ്മയുമായുള്ള ചെറിയ പിണക്കത്തെ തുടര്‍ന്ന് പറയാതെ ആശുപത്രിയില്‍ നിന്ന് പുറത്തേയ്ക്ക് പോയ പെണ്‍കുട്ടിയെയാണ് സിവില്‍ പൊലീസ് ഓഫീസര്‍ റജികുമാറിന്റെ സമയോചിതമായ ഇടപെടലിലൂടെ കുടുംബവുമായി ഒന്നിപ്പിച്ചത്.

വയര്‍ലസ് സന്ദേശ പ്രകാരം വസ്ത്രം ധരിച്ച  ഒരു പെണ്‍കുട്ടി  ട്രാന്‍സ് പോര്‍ട്ട് ബസ് സ്റ്റാന്റ് വഴിയിലൂടെ പോകുന്നത് റജി കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് വഴിത്തിരിവായത്. ദിവാന്‍ജിമൂലയില്‍ തിരക്കിട്ട ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു ഈ സമയം റജികുമാര്‍. സന്ദേശത്തില്‍ പറഞ്ഞപ്രകാരം  കാണാതായ കുട്ടിയുമായി സാമ്യം  തോന്നിയതിനാല്‍ റെജി ഓടിയെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

കുറിപ്പ്: 

ഡോക്ടറെ കണ്ട് മരുന്നു വാങ്ങുന്നതിനായി പോയ അമ്മയുടെ കണ്‍വെട്ടത്തുതന്നെയായിരുന്നു മകള്‍.  അല്പം കഴിഞ്ഞപ്പോള്‍ മകളെ കാണാനില്ല. വരിയില്‍ നിന്നിരുന്ന അമ്മ അടുത്തുള്ളവരോട് പറഞ്ഞ് പരിസരങ്ങളില്‍  തിരഞ്ഞെങ്കിലും മകളെ കണ്ടില്ല. ചെറിയ പിണക്കത്തിലായിരുന്നതിനാല്‍ വേറെ എങ്ങോട്ടെങ്കിലും പോകുമോ  എന്ന് ഭയത്തില്‍ ഉടന്‍ തന്നെ അവിടെ നിന്നവരുടെ  സഹായത്തോടെ  വിവരം പോലീസിനെ അറിയിച്ചു. 
ചേര്‍പ്പ് സ്വദേശികളായ അമ്മയും മകളും ചികിത്സക്കായാണ് കാലത്ത്  തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. 
പ്ലസ് ടു  വിദ്യാര്‍ത്ഥിയായ മകളും അമ്മയും തമ്മില്‍ വീട്ടിലെ ചെറിയ പ്രശ്‌നങ്ങളുമായിബന്ധപ്പെട്ട് സൗന്ദര്യപിണക്കത്തിലായിരുന്നു. ആശുപത്രിയില്‍ അമ്മയുടെ സമീപത്ത് നിന്നും അല്പം വിട്ടുമാറിയാണ് മകള്‍ ഇരുന്നിരുന്നത്.  ഇത്തരം പിണക്കങ്ങള്‍ പതിവായതിനാല്‍ അമ്മ അത് കാര്യമാക്കിയില്ല.
കുട്ടിയെ കാണാതായ വിവരം കിട്ടിയ ഉടന്‍  ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും  കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കൈമാറുകയും കണ്‍ട്രോള്‍ റൂമില്‍ നിന്നും നിമിഷങ്ങള്‍ക്കുളളില്‍  എല്ലാ വയര്‍ലസ്സ് സെറ്റുകളിലും അറിയിക്കുകയും ചെയ്തു.  
ഈ സമയം ദിവാന്‍ജിമൂലയില്‍ തിരക്കിട്ട ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു  സിവില്‍ പോലീസ് ഓഫീസര്‍ റജികുമാര്‍. വാഹനങ്ങള്‍ നിയന്ത്രിച്ചു വിടുന്നതിനിടയില്‍ വയര്‍ലസ്സിലൂടെ കേട്ട സന്ദേശ പ്രകാരം വസ്ത്രം ധരിച്ച  ഒരു പെണ്‍കുട്ടി  ട്രാന്‍സ് പോര്‍ട്ട് ബസ് സ്റ്റാന്റ് വഴിയിലൂടെ പോകുന്നത് റജി കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടു.   
മെസേജില്‍ പറഞ്ഞപ്രകാരം,  കാണാതായ കുട്ടിയുമായി സാമ്യം  തോന്നിയതിനാല്‍ റെജി ഓടിയെത്തി.
'മോളെങ്ങോട്ടാ ?' - 
'അത്...' - കുട്ടി മറുപടി പറയാന്‍ ബുദ്ധിമുട്ടി. 
പെണ്‍കുട്ടി ഒടുവില്‍ പേര് വിവരങ്ങള്‍ പറഞ്ഞു.  അറിയിച്ച വിവരങ്ങളും കുട്ടിയില്‍ നിന്നറിഞ്ഞ  വിവരങ്ങളും ഒന്നുതന്നെ എന്ന് മനസ്സിലായതോടെ റെജി വയര്‍ലസ്സ് സെറ്റിലൂടെ കണ്‍ട്രോള്‍ റൂമിലേക്ക് വിവരം അറിയിച്ചു. 
എങ്ങോട്ടെങ്കിലും പോകണം എന്ന തീരുമാനത്തില്‍ ബസ് സ്റ്റാന്‍ഡിലേക്ക് ബസ്സ് കയറുവാനായി പോവുകയായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്. ദിവസങ്ങളായി എങ്ങോട്ടെങ്കിലും പോകണം എന്ന ചിന്തയിലായിരുന്നു. . അമ്മയോടൊപ്പം ആശുപത്രിയിലെത്തിയപ്പോള്‍ ഒരവസരം തരപ്പെട്ടു. . 
കണ്‍ട്രോള്‍റൂമിലെ വാഹനവും,  കൂടെ അമ്മയും സ്ഥലത്തെത്തി കുട്ടിയെ തിരികെ കൊണ്ടുപോയി. 
അമ്മയ്ക്കും മകള്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങളും, രണ്ടുപേര്‍ക്കും കൗണ്‍സിലിങ്ങ് നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പാടാക്കിയും  പോലീസുദ്യോഗസ്ഥര്‍ അവരെ വീട്ടിലേക്ക് തിരിച്ചയച്ചു.
രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങുകയും പല അപകടങ്ങളില്‍ചെന്നുപെട്ടതുമായ വാര്‍ത്തകള്‍ നിരവധിയാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. 
1. കുട്ടികളോട് സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ ഒരിക്കലും പിശുക്ക്  കാണിക്കാതിരിക്കുക.
2. കുട്ടികളുടെ നല്ല സുഹൃത്തായിരിക്കുക. അവരുമായി ചെലവഴിക്കാന്‍ ദിവസവും  അല്പസമയം കണ്ടെത്തുക.
3. രക്ഷിതാക്കള്‍ അവരവരുടെ ദുസ്വഭാവങ്ങള്‍ സ്വയം കണ്ടെത്തി ഒഴിവാക്കുക. 
4. കുട്ടികളുടെ കഴിവുകളെയും നല്ലകാര്യങ്ങളേയും അഭിനന്ദിക്കുക.
5. അവരോട് എപ്പോഴും വഴക്കുപറയാതെയും വിമര്‍ശിക്കാതെയും ക്ഷമയിലൂടെ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക.
6. അവര്‍ക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം നല്‍കാന്‍ ശ്രദ്ധിക്കുക.
7. അവര്‍ക്കും മാനസിക സമര്‍ദ്ദമുണ്ടാകാം എന്നകാര്യം ഓര്‍ത്തിരിക്കുക.
8. എളിമയും മര്യാദയും ബഹുമാനവും രക്ഷിതാക്കളില്‍ നിന്നാണ് അവര്‍ പഠിക്കുന്നതെന്ന കാര്യം മനസ്സിലാക്കുക.
9 . മക്കള്‍ക്ക് രക്ഷിതാക്കള്‍ മാതൃകയാകുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com