

കൊച്ചി: ആലുവ എടയപ്പുറത്തെ നിയമവിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി യുവതിയുടെ അച്ഛൻ. ഭർത്താവിന്റെ വീട്ടിൽ മകൾക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരപീഡനമായിരുന്നെന്നും പണം ആവശ്യപ്പെട്ട് നിരന്തരം മർദ്ദിച്ചിരുന്നെന്നും പിതാവ് ദിൽഷാദ് സലിം പറഞ്ഞു.
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം
രണ്ടരമാസമാണ് അവൾ അവിടെ താമസിച്ചത്. ഇത്രയുംനാൾ പുറത്തുപറയാൻ കഴിയാത്തവിധത്തിലുള്ള ലൈംഗീക വൈകൃതങ്ങൾക്കാണ് ഇരയായത്. ശരീരം മുഴുവൻ പച്ചകുത്താൻ ആവശ്യപ്പെട്ട് സുഹൈൽ മർദ്ദിച്ചിരുന്നു. യുട്യൂബിൽ വിഡിയോ നിർമ്മിക്കാനായി 40 ലക്ഷം രൂപ വേണമെന്ന് മോഫിയയോട് പറഞ്ഞു. കൈയിൽ പണമില്ലെന്നും തരാൻ പറ്റില്ലെന്നുമാണ് അവൾ പറഞ്ഞത്. ഇതിനുപിന്നാലെ കൈപിടിച്ച് തിരിച്ച് ഒടിക്കാൻ ശ്രമിച്ചു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത് പക്ഷെ പിന്നീട് പലപ്പോഴായി മാലയും വളയുമൊക്കെ ആവശ്യപ്പെട്ടു. പഠിത്തം നിർത്താനും സുഹൈൽ മോഫിയയെ നിർബന്ധിച്ചിരുന്നു, ദിൽഷാദ് പറഞ്ഞു
'കുട്ടിസഖാവി'നെയും പ്രതിയാക്കണം
മുന്നോട്ടുപോകില്ലെന്ന് ഉറപ്പായപ്പോഴാണ് മകൾ പരാതി നൽകിയതെന്നും പരാതി ഒതുക്കിതീർക്കാനുള്ള ശ്രമമാണ് സി ഐയുടെ ഓഫീസിൽ നടന്നതെന്നും ദിൽഷാദ് പറയുന്നു. അന്ന് മറ്റൊരാൾക്കൂടി അവിടെ ഉണ്ടായിരുന്നു, 'കുട്ടിസഖാവ്', അയാളുടെ പേരറിയില്ല, സഖാവാണ്. ഇയാൾ സുഹൈലിന്റെ ബന്ധുവാണെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെയാണ് മകൾ പറഞ്ഞിരിക്കുന്നത്. ഈ വ്യക്തിയും സിഐയും ചേർന്നാണ് പരാതി ഒതുക്കിതീർക്കാൻ മുൻകൈയെടുത്തത്. സംഭവത്തിൽ കുട്ടിസഖാവിന്റെ റോൾ അന്വേഷിക്കണമെന്നും സിഐക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും ദിൽഷാദ് ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates