

തിരുവനന്തപുരം: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'മലയാളം വാനോളം ലാല്‍സലാം' എന്ന പരിപാടിയിലാണ് മലയാളത്തിന്റെ മഹാനടന് കേരളം ആദരമര്‍പ്പിച്ചത്.ഡല്‍ഹിയില്‍ വെച്ച് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്‍ ഏറിയ വൈകാരിക ഭാരത്തോടെയാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതിന് പലകാരണങ്ങളുണ്ട്. ഇത് ഞാന്‍ ജനിച്ചുവളര്‍ന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്. തന്റെ അമ്മയും അച്ഛനും ജേഷ്ഠ്യനും ജീവിച്ച മണ്ണാണ്. ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ഒന്നുമറിയാതെ അവര്‍ക്കൊപ്പം ഞാന്‍ പാര്‍ത്ത നാടാണ്. ഇവിടുത്തെ കാറ്റും മരങ്ങളും വഴികളും പല കെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്.എനിക്ക് ഈ സ്വീകരണം നല്‍കുന്നത് ഇന്നീ കാണുന്ന എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്. ഇക്കാര്യങ്ങള്‍ കൊണ്ടെല്ലാം ഞാനനുഭവിക്കുന്ന ആ വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
'48 വര്‍ഷങ്ങളുടെ ദീര്‍ഘമായ നടപ്പാതയിലേക്ക് തിരിഞ്ഞുനോക്കുകയായിരുന്നു ഞാന്‍. സിനിമ എന്ന സങ്കീര്‍ണകലാരൂപത്തെക്കുറിച്ച് യാതൊന്നുമറിയാതെ ഈ നഗരത്തിന്റെ വഴിയോരങ്ങളില്‍ വെച്ച് ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ സിനിമയെടുക്കാന്‍ ധൈര്യപ്പെട്ടു എന്നോര്‍ക്കുമ്പോള്‍ ഇപ്പോളെനിക്ക് ഭയം തോന്നുന്നു. അതിന്റെ ജോലികള്‍ക്കായി ഞങ്ങള്‍ ട്രെയിന്‍ കയറി മദ്രാസിലേക്ക് പോയി. മദിരാശിയിലെ സിനിമാസ്റ്റുഡിയോകളില്‍ ചുറ്റിത്തിരിഞ്ഞു. ഞാന്‍ ഒട്ടും ആഗ്രഹിക്കാതെ സുഹൃത്തുക്കള്‍ എന്റെ ഫോട്ടോ എടുത്ത് പാച്ചിക്ക എന്നു ഞങ്ങള്‍ വിളിക്കുന്ന എന്റെ പ്രിയപ്പെട്ട ഫാസിലിന് അയച്ചുകൊടുത്തു. അങ്ങനെ ഞാന്‍ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലെ നരേന്ദ്രനായി ക്യാമറയ്ക്ക് മുന്നിലെത്തി. 48 വര്‍ഷങ്ങള്‍. ഇങ്ങോട്ടുവരുന്നതിന്റെ തൊട്ടുമുന്നെയും ഞാന്‍ ക്യാമറയ്ക്കു മുന്നിലായിരുന്നു. വിധി ഏതൊക്കെ വഴിയിലൂടെയാണ് എന്നെ നടത്തിക്കൊണ്ടുപോകുന്നത് എന്നോര്‍ത്ത് വിസ്മയിച്ചുപോകുന്നു.'
'അഭിനയകാലത്തെ ഒരു മഹാനദിയായി സങ്കല്‍പിച്ചാല്‍ തീരത്തുനില്‍ക്കുന്ന ഒരു മരത്തിന്റെ ചില്ലയില്‍ നിന്നും അതിലേക്ക് വീണ ഒരു ഇലയാണ് ഞാന്‍. ഒഴുക്കില്‍ മുങ്ങിപ്പോവുമ്പോഴെല്ലാം ആ ഇലയെ ഏതൊക്കെയോ കൈകള്‍ വന്ന് താങ്ങി. പ്രതിഭയുടെ കൈയൊപ്പുള്ള കൈകളായിരുന്നു അവയെല്ലാം. വലിയ എഴുത്തുകാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍. ഛായാഗ്രാഹകര്‍, എന്റെ മുഖത്ത് ചായം തേച്ച് കഥാപാത്രങ്ങളിലേക്ക് വെളിച്ചമടിച്ചവര്‍...ഞാന്‍ ചെയ്തതെല്ലാം മടുപ്പില്ലാതെ കണ്ടിരുന്ന എന്റെ പ്രിയപ്പെട്ട മലയാളികള്‍... ഇതുതന്നെയാണോ എന്റെ തൊഴില്‍ എന്നാലോചിക്കുമ്പോഴെല്ലാം 'ലാലേട്ടാ' എന്ന് സ്നേഹത്തോടെ എന്നെ വിളിച്ചുണര്‍ത്തിയവര്‍. ഇപ്പോഴും ഞാനാ മഹാനദിയുടെ പ്രവാഹത്തിലാണ്. മുങ്ങിപ്പോകുമ്പോഴെല്ലാം ആരൊക്കെയോ പിടിച്ചുയര്‍ത്തുന്നു. ഇനിയും ഒഴുകൂ എന്നു പറയുന്നു. നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ..'- മോഹന്‍ലാല്‍ വികാരാധീനനായി.
കേരളത്തിന്റെ അതിരുകള്‍ കടന്നും ഈ അഭിനയവിസ്മയം സഞ്ചരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നടയിലും മോഹന്‍ലാല്‍ അഭിനയിച്ചു. ഒരേസമയം നല്ലനടനും ജനപ്രീതിയുള്ള നടനുമായിരിക്കുകയെന്നത് എളുപ്പമല്ല. മോഹന്‍ലാലിന് നൈസര്‍ഗികമായ കഴിവുകള്‍ കൊണ്ട് അതുസാധിക്കുന്നു. അരനൂറ്റാണ്ടോളമായി മലയാളിക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സമ്മാനിക്കുന്ന ഇതിഹാസതാരം മോഹന്‍ലാലിനെ അനുമോദനം അറിയിക്കുന്നു. കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ അദ്ദേഹത്തിന് സാധിക്കട്ടെ. മുഖ്യമന്ത്രി പറഞ്ഞു.
ഇത് ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നേട്ടമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ സുവര്‍ണ നേട്ടമാണിത്. ശതാബ്ദിയോട് അടുക്കുന്ന മലയാള സിനിമയില്‍ അര നൂറ്റാണ്ടായി മോഹന്‍ലാലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അയല്പക്കത്തെ ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നു. സ്‌ക്രീനിലും പുറത്തും ആ ആദരവ് മോഹന്‍ലാലിന് നല്‍കുന്നു. വഴക്കമേറിയ ശരീരമാണ് മോഹന്‍ലാലിന്റേതെന്നും അസാമാന്യ മെയ്വഴക്കം ഉള്ള ആളാണ് മോഹന്‍ലാലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അര നൂറ്റാണ്ടുകാലത്തെ മലയാളിയുടെ സിനിമ ആസ്വാദനത്തില്‍ ഏറ്റവും സൂക്ഷ്മമായി മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിത്യജീവിതത്തില്‍ ഇടയ്‌ക്കെല്ലാം മോഹന്‍ലാല്‍ ആയി പോവുക എന്നത് പോലും ചില മലയാളികളുടെ ശീലമായിയെന്നും അദ്ദേഹം പറഞ്ഞു. നടപ്പിലും ഇരുപ്പിലും നോട്ടത്തിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങള്‍ ഇല്ല. മലയാളിയുടെ അപര വ്യക്തിത്വതമാണ് മോഹന്‍ലാല്‍ എന്ന് എഴുതിയത് വെറുതെയല്ല. പ്രായഭേദമന്യേ മലയാളികള്‍ ലാലേട്ടന്‍ എന്നാണ് വിളിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നു. സ്‌ക്രീനിലും പുറത്തും മലയാളികള്‍ മോഹന്‍ലാലിന് ആ ആദരം നല്‍കുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വഴക്കമേറിയ ശരീരമാണ് മോഹന്‍ലാലിന്റേത്. ജീവിതത്തില്‍ തോറ്റു പോകുന്ന ചില കഥാപാത്രങ്ങള്‍ക്ക് നെഞ്ചുലയ്ക്കുന്ന തലത്തില്‍ കഥാപാത്രങ്ങള്‍ക്ക് മോഹന്‍ലാല്‍ ജീവന്‍ പകര്‍ന്നപ്പോള്‍ അതിനൊപ്പം മലയാളികള്‍ കരഞ്ഞു – മുഖ്യമന്ത്രി പറഞ്ഞു.
അഭിനയ പരീക്ഷണങ്ങളാല്‍ കടഞ്ഞെടുത്ത അസാമാന്യ കഴിവുള്ളയാളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ വിശേഷിപ്പിച്ചു. അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ ഓരോന്നും മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. അത്രമേല്‍ സ്വാഭാവികമായാണ് മോഹന്‍ലാല്‍ മലയാളിയെ തിരശ്ശീലയില്‍ പകര്‍ത്തിയത്. അഭിനയ കലയോടും സിനിമ എന്ന മാധ്യമത്തോടുമുള്ള മോഹന്‍ലാലിന്റെ അര്‍പ്പണബോധം പുതുതലമുറ മാതൃകയാക്കേണ്ടത്. ഇരുവറിലെ എംജിആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ്. ദക്ഷിണേന്ത്യയിലെ പാന്‍ ഇന്ത്യന്‍ റീച്ചുള്ള സൂപ്പര്‍താരമായി മോഹന്‍ലാല്‍ മാറി. വന്‍ വിജയങ്ങളിലൂടെ മലയാള ചലച്ചിത്ര വ്യവസായത്തെ താങ്ങിനിര്‍ത്തുകയാണ് മോഹന്‍ലാല്‍ – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പൊന്നാടയണിച്ചാണ് മോഹന്‍ലാലിനെ സ്വീകരിച്ചത്. കേരള സര്‍ക്കാരിനുവേണ്ടി കവി പ്രഭാവര്‍മ എഴുതിയ പ്രശസ്തി പത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് സമര്‍പ്പിച്ചു. ഗായിക ലക്ഷ്മിദാസ് പ്രശസ്തി പത്രം കവിത ചൊല്ലി.മലയാളത്തിന്റെ ഇതിഹാസതാരമാണ് മോഹന്‍ലാല്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പുരസ്‌കാരനേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ളതാണെന്നും മലയാളസിനിമയുടെ ചരിത്രത്തിലെ സുവര്‍ണനേട്ടമാണെന്നും നൂറുതികയ്ക്കുന്ന മലയാളസിനിമയില്‍ അരനൂറ്റാണ്ടായി മോഹന്‍ലാലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
