തിരുവനന്തപുരം : സംസ്ഥാനത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് മോറട്ടോറിയം നീട്ടി നല്‍കണമെന്ന് ബാങ്കേഴ്‌സ് സമിതിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മഴക്കെടുതി പരിഗണിച്ച് വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടെയുള്ളവക്ക് തിരിച്ചടവിന് കൂടുതല്‍ സമയ നല്‍കണമെന്ന് മന്ത്രിസഭ നിര്‍ദേശിച്ചു.
ധനസഹായം വേഗത്തിലാക്കാൻ നിർദേശം
ഈ കാര്യം സഹകരണ ബാങ്കുകളോടും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ധനകാര്യസ്ഥാപനങ്ങളോടും നിര്‍ദേശിക്കും. ഇപ്പോള്‍ ദുരന്തനിവാണ മാനദണ്ഡങ്ങളനുസരിച്ച് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കി വരുന്നുണ്ട്. ഇത് വേഗത്തിലാക്കാന്‍ മന്ത്രിസഭ കലക്ടര്‍മാരോട് ആവശ്യപ്പെട്ടു.
മാലിന്യം എത്രയും വേഗം നീക്കം ചെയ്യും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള കൂടുതല്‍ സഹായത്തെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കും. ആവര്‍ത്തിക്കുന്ന വെള്ളപ്പൊക്കം കണക്കിലെടുത്ത് പുഴകളിലെയും ജലാശയങ്ങളിലെയും മാലിന്യം എത്രയും വേഗം നീക്കം ചെയ്യാനും തദേശസ്ഥാപനങ്ങളും കലക്ടര്‍മാരും നടപടി എടുക്കണമെന്നും മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates