

തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ നിയന്ത്രണം. ജനുവരി 16 മുതല്‍ നേരത്തെ ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് ദര്‍ശനം മാറ്റി വെയ്ക്കാന്‍ അഭ്യര്‍ഥിച്ച് സന്ദേശം അയക്കാന്‍ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചര്‍ച്ചയിലൂടെ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.
ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതല്‍ രണ്ടാഴ്ചക്കാലം സ്‌കൂളുകള്‍ അടച്ചിടും. ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ ക്രമീകരിക്കും.ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ക്ക് അധികാരം നല്‍കും.
സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ ആരോഗ്യ വകുപ്പ് പൊലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭ്യമാക്കേണ്ടതാണ്.കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തേണ്ടതാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതല്‍ പേര്‍ പങ്കെടുക്കേണ്ട നിര്‍ബന്ധിത സാഹചര്യങ്ങളില്‍ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുതല്‍ വന്നാല്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ല.
എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ബുക്കിങ്ങും വില്‍പ്പനയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളില്‍ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണം.
ഒമൈക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. ജില്ലകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തില്‍ വാര്‍ഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണ്. 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് വാക്‌സിന്‍ സ്‌കൂളില്‍ പോയി കൊടുക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഏകോപിച്ച് മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates