

കൊച്ചി: പുതുതായി വരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്ന് പകരുന്നതാണെന്ന് ലോക ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന ചടങ്ങില്‍ വേമ്പനാട്ട് കായലിലെ ജലഗുണനിലവാരം, ജലജന്യ പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
കാലാവസ്ഥാവ്യതിയാനവും പോഷകസമൃദ്ധമല്ലാത്ത ഭക്ഷണശീലങ്ങളും വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അവര്‍ ഉയര്‍ത്തിക്കാട്ടി. ഇന്നത്തെ മിക്ക ആരോഗ്യ ഭീഷണികളും പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്നതാണ്. അതിനാല്‍ ഇന്ത്യയില്‍ ഒരു പരിസ്ഥിതി ആരോഗ്യ നിയന്ത്രണ ഏജന്‍സി സ്ഥാപിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു.
അസന്തുലിതമായ ഭക്ഷണരീതി രാജ്യത്തെ പ്രധാന ആരോഗ്യഭീഷണികളിലൊന്നാണ്. പോഷകാഹാരക്കുറവ്, വിളര്‍ച്ച, സൂക്ഷ്മ പോഷക അപര്യാപ്തതകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ജനസംഖ്യയില്‍ പകുതിയോളം ഇന്ത്യക്കാരും ആവശ്യമായ പോഷകാഹാരം കഴിക്കാനുള്ള ശേഷിയില്ലാത്തവരാണ്.
ഭക്ഷണശീലം ആരോഗ്യകരമല്ലാത്തതിനാല്‍, പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ എന്നിവ കേരളത്തിലും തമിഴ്നാട്ടിലും വര്‍ധിച്ചുവരികയാണ്. മാറിവരുന്ന ശീലങ്ങള്‍ കാരണം, സംസ്‌കരിച്ചതും ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് അടങ്ങിയതുമായ ഭക്ഷണങ്ങള്‍ക്കാണ് പ്രിയം. ധാരാളം അന്നജവും വളരെ കുറഞ്ഞ ഭക്ഷണ വൈവിധ്യവുമെന്നതാണ് സ്ഥിതി. പോഷകാഹാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണമെന്ന നിലയില്‍ സമുദ്രവിഭവങ്ങള്‍ക്ക് ഏറെ സാധ്യതയുണ്ട്.
എന്നാല്‍, ഈ വിഭവങ്ങള്‍ ഇനിയും പൂര്‍ണമായി വിനിയോഗിച്ചിട്ടില്ല. കാലാവസ്ഥാവ്യതിയാനം കാരണം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രളയം, വരള്‍ച്ച, ചുഴലിക്കാറ്റുകള്‍, കൊടും ചൂട് തുടങ്ങിയ കാലാവസ്ഥാ അപകടങ്ങളില്‍ ഒന്നെങ്കിലും രാജ്യത്തെ മിക്കവാറും മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്നുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അതിവേഗം പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ ശാസ്ത്രീയ പുരോഗതിക്കും പൊതുജനാരോഗ്യ ശ്രമങ്ങള്‍ക്കും തടസമാകും.
കോവിഡ് സമയത്ത് സമയത്ത് എല്ലാവരും ‘വിദഗ്ധര്‍’ ആയി ആളുകള്‍ക്ക് ഉപദേശം നല്‍കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇത് അപകടമാണ്. നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ഡോ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates