ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റ് തങ്കു തോമസ് കോശിയോട് രണ്ടാഴ്ച നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ തങ്കു തോമസ് കോശിയെ മാറ്റിനിര്‍ത്താനാണ് കലക്ടര്‍, എസ്പി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടന്ന സമയത്ത് അപര്‍ണയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം മൃതദേഹം ഏറ്റുവാങ്ങില്ലെന്നും പറഞ്ഞ് ബന്ധുക്കള്‍ മെഡിക്കല്‍ കോളജില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഉറപ്പിനെ തുടര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായത്.
കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയെ ലേബര്‍ മുറിയില്‍ കയറ്റുന്നത് ഇന്നലെ വൈകിട്ട് മൂന്നിനാണ്. അമ്മയ്ക്കും കുഞ്ഞിനും എന്തെങ്കിലും പ്രശ്‌നം ഉള്ളതായി അതുവരെ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. എന്നാല്‍ നാലു മണിക്ക് പൊക്കിള്‍കൊടി പുറത്തേക്ക് വന്നെന്നും സിസേറിയന്‍ വേണമെന്നും അറിയിപ്പ് വന്നതായി ബന്ധുക്കള്‍ പറയുന്നു. തൊട്ടുപിന്നാലെ കുഞ്ഞ് മരിച്ചതായും അറിയിച്ചു. ഇതോടെ ചികിത്സാ പിഴവെന്ന് ആരോപിച്ച് തുടങ്ങിയ സംഘര്‍ഷം സൂപ്രണ്ട് എത്തിയ ശേഷമാണ് രാത്രി അവസാനിച്ചത്.
എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഹൃദയസ്തംഭനം മൂലം അമ്മ അപര്‍ണയും മരിച്ചെന്ന് അധികൃതര്‍ അറിയിച്ചതോടെ വീണ്ടും സംഘര്‍ഷം തുടങ്ങുകയായിരുന്നു. പ്രസവസമയം അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയമിടിപ്പ് 20 ശതമാനത്തില്‍ താഴെയായിരുന്നുവെന്നും ഇതാണ് മരണകാരണം എന്നുമായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. ഫോറന്‍സിക് വകുപ്പ് മേധാവിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജും ഡിഎംഇയുടെ കീഴില്‍ വിദഗ്ദസമിതിയുടെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ തങ്കു തോമസ് കോശിയെ മാറ്റിനിര്‍ത്താനാണ് അധികൃതര്‍ തീരുമാനിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates