കുമളി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി എസ് ദുരൈമുരുകന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബേബി ഡാം ബലപ്പെടുത്താന്‍ കേരള സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താല്‍ മാത്രമേ ഡാം ബലപ്പെടുത്താന്‍ സാധിക്കൂ. കേരളത്തിന്റെ നിസ്സഹകരണമാണ് ഇതിന് തടസ്സം. ബേബി ഡാമിനു സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളം ഇതുവരെ തയാറായിട്ടില്ലെന്നും ദുരൈമുരുകന്‍ പറഞ്ഞു.
വനം വകുപ്പ് അനുമതി നല്‍കുന്നില്ലെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. റിസര്‍വ് വനമായതിനാല്‍ മരം മുറിക്കാന്‍ പറ്റില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. ഇക്കാര്യത്തിലെ നടപടികള്‍ നീളുന്നതിനാലാണ് ബേബി ഡാം ബലപ്പെടുത്തല്‍ വൈകുന്നത്. തടസങ്ങള്‍ മാറ്റിക്കഴിഞ്ഞാല്‍ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും.
ഇത്തരത്തില്‍ പുതുക്കി പണിതാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് ദുരൈ മുരുകന്‍ പറഞ്ഞു. റൂള്‍ കര്‍വ് പാലിച്ചാണ് നിലവില്‍ വെള്ളം തുറന്നു വിടുന്നതെന്നും ദുരൈമുരുകന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പനീര്‍ശെല്‍വവും എടപ്പാടി പളനി സാമിയും സംസാരിക്കുന്നതില്‍ ഒരു ധാര്‍മ്മികതയും ഇല്ലെന്നും ദുരൈമുരുകന്‍ പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷക്കാലത്തേക്ക് ഒരു മന്ത്രി പോലും ഈ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വന്ന് പരിശോധിച്ചിട്ടില്ല. പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് മന്ത്രി തള്ളിക്കളഞ്ഞു. എല്ലാ പഠനങ്ങളും അണക്കെട്ട് സുരക്ഷിതമാണെന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ പുതിയ ഡാമിന്റെ ആവശ്യമില്ലെന്നും തമിഴ്‌നാട് മന്ത്രി പറഞ്ഞു.കേരളത്തിലെയും തമിഴ്‌നാടിലെയും നിലവിലെ സര്‍ക്കാരുകളുടെ കാലത്ത് തന്നെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദുരൈമുരുകന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates