'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; മനസിലാകാത്തവര്‍ക്ക് നല്ല അടി, പ്രതിരോധം തീര്‍ക്കാന്‍ ജാഗ്രതാ സമിതികള്‍

ലഹരിവ്യാപനം കൊണ്ട് നാടും നഗരവും പൊറുതിമുട്ടിയതോടെ ജനകീയ കൂട്ടായ്മകള്‍ രൂപീകരിച്ച് നാട്ടുകാര്‍ തന്നെ പ്രതിരോധവുമായി രംഗത്തെത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്
Kannur
ലഹരി വസ്തുക്കളുമായി കണ്ണൂര്‍ നാറാത്തുനിന്നും യുവാക്കളെ എക്‌സൈസ് കസ്റ്റഡിയില്‍ എടുക്കുന്നു വിഡിയോയില്‍ നിന്ന്
Updated on
2 min read

കണ്ണൂര്‍: നാട്ടിന്‍പുറങ്ങളില്‍ ഉള്‍പ്പെടെ ലഹരി വസ്തുകള്‍ സുലഭമായി ലഭ്യമാകുന്നു എന്ന വാര്‍ത്തകള്‍ക്കിടെ കണ്ണൂരില്‍ ജനകീയ പ്രതിരോധം തീര്‍ക്കുകയാണ് നാട്ടുകാര്‍. ''നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'' എന്ന് പറഞ്ഞാല്‍ മനസിലാകാത്തവര്‍ക്ക് നല്ല അടി കൊടുത്താല്‍ ബോധ്യപ്പെടുമെന്നാണ് കണ്ണൂരുകാരുടെ നിലപാട്. പണത്തോടും ലഹരിയോടുമുള്ള ആര്‍ത്തിയാണ് യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്കും വില്‍പനയിലേക്കും എത്തിക്കുന്നത്. ലഹരിവ്യാപനം കൊണ്ട് നാടും നഗരവും പൊറുതിമുട്ടിയതോടെ ജനകീയ കൂട്ടായ്മകള്‍ രൂപീകരിച്ച് നാട്ടുകാര്‍ തന്നെ പ്രതിരോധവുമായി രംഗത്തെത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

കണ്ണൂര്‍ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും മയക്കുമരുന്ന് വില്‍പനക്കാര്‍ക്കെതിരെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനകീയ ജാഗ്രതാ സമിതികള്‍ രൂപം കൊണ്ടുകഴിഞ്ഞു. രാത്രികാലങ്ങളില്‍ ഏറെ വൈകി ബൈക്കുമായി കറങ്ങി നടക്കുന്നവരെ ഓരോ പ്രദേശത്തും ജാഗ്രതാ സമിതിക്കാർ പരിശോധിച്ചു താക്കീത് ചെയ്തു വിടുന്ന സംഭവങ്ങളും പതിവാണ്. ഇവരുടെ രക്ഷിതാക്കളുടെ ഫോണ്‍ നമ്പറുകളും വാങ്ങി സൂക്ഷിക്കുന്നുണ്ട്. ഫുട്‌ബോള്‍ ടര്‍ഫുകള്‍, കടവരാന്തകള്‍, വെളിച്ചമില്ലാത്ത മൈതാനങ്ങള്‍, കടലോരങ്ങള്‍ എന്നിവിടങ്ങളിലും അതാത് പ്രദേശത്തെ ജാഗ്രതാസമിതികള്‍ രാത്രികാലങ്ങളില്‍ നിരീക്ഷിച്ചു വരികയാണ്.

മുന്നറിയിപ്പുകള്‍ അവഗണിച്ചും നാട്ടുകാരെ വെല്ലുവിളിച്ചും ഇതേ രീതികള്‍ തുടരുന്നവരെ പൊലീസിനും എക്‌സൈസിനും കൈമാറാനും ജാഗ്രതാ സമിതികള്‍ മുന്നിലുണ്ട്. ഓരോ പ്രദേശത്തും താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെ സംശയം തോന്നുന്നവരെ കുറിച്ചുമുള്ള വിവരങ്ങളും ജാഗ്രത സമിതി ശേഖരിച്ചു വരികയാണ്. കഴിഞ്ഞ ദിവസം നാറാത്ത് ടി.സി റോഡില്‍ വന്‍മയക്കുമരുന്ന് സംഘം പിടിയിലായത് ജാഗ്രതാ സമിതിയുടെ ഇടപെടല്‍ കാരണമാണ്. ഇരുനില വീട് വാടകയ്‌ക്കെടുത്ത് ആഡംബര കാറില്‍ സഞ്ചരിച്ചിരുന്ന യുവാക്കളുടെ ഇടപെടലുകള്‍

അത്ര ശരിയല്ലെന്ന് പ്രദേശവാസികളുടെ സംശയമാണ് മയക്കുമരുന്ന് കണ്ടെടുക്കുന്നതിലേക്ക് നയിച്ചത്. ദൂരസ്ഥലങ്ങളില്‍ നിന്നു പോലും യുവാക്കള്‍ രാത്രി ഏറെ വൈകിയും ഇവിടെയെത്തുന്നതും സംശയം വര്‍ധിപ്പിച്ചു.

MDMA, hybrid cannabis, LSD stamp; Massive drug bust
നാറാത്ത് പിടിയിലായ യുവാക്കൾ

ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ നാറാത്ത് പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീന്‍, പറശിനി കയരളത്തെ മുഹമ്മദ് സി ജാഹ് എന്നിവരെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സാഹചര്യം മാറാതിരുന്നതോടെ എക്‌സൈസിനെ വിവരമറിയിക്കുകയായിരുന്നു. എക്‌സൈസ് നടത്തിയ റെയ്ഡില്‍ വീടിന്റെ ഒന്നാം നിലയിലെ അലമാരയില്‍ സൂക്ഷിച്ച 17 ഗ്രാം എംഡിഎംഎ, രണ്ടര കിലോയിലധികം കഞ്ചാവ് എന്നിവ കണ്ടെടുത്തു. വീടിന്റെ മുന്‍പില്‍ നിര്‍ത്തിയിട്ട ഇവരുടെ ആഡംബര കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും അരകിലോ ഹൈബ്രിഡ് കഞ്ചാവും എല്‍എസ്ഡി സ്റ്റാംപും പിടിച്ചെടുത്തു.

എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും നാട്ടുകാരുടെ കൈച്ചൂടറിഞ്ഞാണ് യുവാക്കള്‍ക്ക് പോകാനായത്. പൊതിരെ തല്ലിയാണ് ജാഗ്രതാ സമിതിക്കാര്‍ പ്രതികളെ യാത്രയാക്കിയത്. ലഹരി വില്‍പനക്കാരെ ഇതേരീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് നാട്ടുകാരുടെ നിലപാട്. ലഹരി വില്‍പ്പനക്കാരെ അമര്‍ച്ച ചെയ്യാന്‍ കൊടിയുടെ നിറം നോക്കാതെ നാട് ഒറ്റക്കെട്ടാണെന്നും പൊലിസിനും എക്‌സൈസിനും സര്‍വ്വവിധ പിന്‍തുണയും നല്‍കുമെന്നും ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com