

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ സെന്‍സസിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടമായ ഭവന സെന്‍സസാണ് ഈ മാസം മുപ്പത് വരെ നടക്കുക. വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരശേഖരണവുമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഓണ്‍ലൈനായുള്ള എന്യൂമറേഷന്‍ നടപടികള്‍ക്കുള്ള അവസാന തിയതി ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇന്ന് മുതല്‍ ഭവന സെന്‍സസിന്റെ ഭാഗമായി എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തും. 33 ചോദ്യങ്ങളിലൂടെയാണ് എന്യൂമനേറ്റര്‍മാര്‍ വിവരങ്ങള്‍ തേടുക. വീടുകളുടെ നിലവിലെ അവസ്ഥ, കുടുംബങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള കുടിവെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, നിലവിലുള്ള ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലൂടെ ശേഖരിക്കുന്നത്.
ഫീല്‍ഡുതല വിവരശേഖരണം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനായി വിപുലമായ ജീവനക്കാരെയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്നത്. ഇതിനായി 61,282 എന്യൂമറേറ്റര്‍മാരെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി 10,189 സൂപ്പര്‍വൈസര്‍മാരെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള 'സെല്‍ഫ് എന്യൂമറേഷന്‍' സമയപരിധി ഇന്നലെയോടെ അവസാനിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി നല്‍കിയ ഈ വിവരങ്ങള്‍ എന്യൂമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും. സെന്‍സസിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക.
സെൻസസ് ഡ്യൂട്ടിയിൽ അധ്യാപകരുടെ ആവലാതി പരിഹരിക്കാൻ ഉത്തരവുമായി സർക്കാർ. ബുധനാഴ്ച സെൻസസ് ആരംഭിക്കുമെങ്കിലും വീടുകൾ കയറിയിറങ്ങിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും നടത്തിയാൽ മതിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.
ജൂലായിൽ ചെയ്തുതീർക്കേണ്ട സെൻസസ് പ്രവർത്തനങ്ങൾ കുട്ടികളുടെ പഠനത്തിനു തടസ്സംവരാത്ത രീതിയിൽ തീർക്കാനാണ് ഈ ക്രമീകരണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ജൂലായിൽ ശനിയാഴ്ചയും ഞായറാഴ്ചയുമായി എട്ടു ദിവസം ലഭിക്കും. ഈ ദിനങ്ങൾ വിനിയോഗിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. ജോലിയെടുത്ത ഈ ദിവസങ്ങൾക്കു പകരമായി മറ്റു പ്രവൃത്തിദിനങ്ങളിൽ പ്രഥമാധ്യാപകരുടെ മുൻകൂർ അനുമതിയോടെ ഒക്ടോബർ 31-നുള്ളിൽ അധ്യാപകർക്ക് അവധിയെടുക്കാം. സംസ്ഥാനത്തെ 60,000 സ്കൂൾ അധ്യാപകരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. നേരത്തേ, സ്‌കൂൾ സമയത്തിനുശേഷം വൈകീട്ട് സെൻസസ് ജോലികൾ നിർവഹിക്കണമെന്ന് വാക്കാൽ നിർദേശിച്ചത് വിവാദമായിരുന്നു. സെൻസസ് ജോലിയുള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അധ്യാപകസംഘനകൾ ആവശ്യപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates