

കൊച്ചി: വൈറ്റിലയില്‍ പിടിയിലായ മയക്കുമരുന്ന് വിതരണക്കേസ് പ്രതി വരുണ്‍ ദേവ് സംസ്ഥാനത്തേക്ക് രാസലഹരി എത്തിക്കുന്നതില്‍ പ്രധാനിയെന്ന് എക്‌സൈസ്. വാഹനം തടഞ്ഞാണ് ഇയാളെ പിടികൂടിയത്. വാഹനത്തില്‍ നിന്നും 232 ഗ്രാം രാസലഹരിയാണ് പിടികൂടിയത്. ലഹരി കച്ചവടക്കാര്‍ക്കിടയില്‍ ബോസ് എന്നും എക്‌സ് എന്നുമാണ് വരുണ്‍ ദേവിന്റെ വിളിപ്പേര്.
ഓണക്കാലത്ത് ഇയാളും സംഘവും കേരളത്തില്‍ 5 കോടിയുടെ ലഹരിക്കച്ചവടമാണ് പദ്ധതിയിട്ടത്. ഡല്‍ഹി, രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും വാങ്ങുന്ന എംഡിഎംഎ അടക്കമുള്ള രാസലഹരി വസ്തുക്കള്‍ റോഡ് മാര്‍ഗം കേരളത്തിലെത്തിക്കും. കോട്ടയം കേന്ദ്രീകരിച്ചാണ് ലഹരിമരുന്നുകള്‍ സംഭരിച്ചിരുന്നതെന്ന് എക്സൈസ് അധികൃതർ സൂചിപ്പിച്ചു. വിശ്വസ്തരായ ഇടനിലക്കാര്‍ വഴി കൊച്ചിയിലെ ലഹരി വില്‍പ്പനക്കാരിലേക്ക് എത്തിക്കുകയാണ് രീതി.
വില്‍ക്കുന്നവരുമായി വരുണ്‍ ദേവ് നേരില്‍ ബന്ധപ്പെടാറില്ല. നേരിട്ട് കച്ചവടത്തിന് ഇറങ്ങാറുമില്ല. കഴിഞ്ഞദിവസം കലൂരിലെ ഹോട്ടലില്‍ നിന്ന് 49 ഗ്രാം ലഹരിയുമായി പിടിയിലായ രണ്ടു പ്രതികളില്‍ നിന്നാണ്, കോട്ടയത്തു നിന്നും ലഹരിയുമായി ഒരു സംഘം കൊച്ചിയിലെത്തുന്നതായി വിവരം ലഭിച്ചത്. വൈറ്റിലയില്‍ വെച്ച് വാഹനം തടഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്നതില്‍ പ്രധാനിയാണ് വലയിലായതെന്ന് വ്യക്തമായത്.
ഓണക്കാല വില്‍പ്പനയ്ക്കായി 5 കിലോ എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ എക്‌സൈസിന് ലഭിച്ച വിവരം. നാലു കോടിയുടെ ലഹരിക്കച്ചവടമാണ് ഒരു തവണ ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതിലൂടെ സംഘം നടത്തിയിരുന്നത്. ലഹരി വില്‍പ്പനയ്ക്കായി പെണ്‍കുട്ടികളെ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. വരുണ്‍ ദേവിന്റെ സാമ്പത്തിക ഇടപാടുകളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates