തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തന്നെ നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത ആഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തും. വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാത്രി 10 മുതൽ രാവിലെ ആറ് വരെ ആയിരിക്കും കർഫ്യൂ.
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പ്രതിവാര രോഗബാധാ - ജനസംഖ്യാ അനുപാതം (ഡബ്ല്യുപിആർ) ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തും. ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. പുതിയ സാഹചര്യം കണക്കിലെടുത്താണ് ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ കടുപ്പിക്കുകയും രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവർക്കും പ്രായം കൂടിയവർക്കും കോവിഡ് ബാധയുണ്ടായാൽ അതിവേഗം ചികിത്സ ലഭ്യമാക്കാൻ നടപടിയെടുക്കും. അവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് ഊന്നൽ നൽകും. അനുബന്ധ രോഗമുള്ളവർ ആശുപത്രിയിൽ എത്തുന്നില്ലെങ്കിൽ രോഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ആ വിപത്ത് ഒഴിവാക്കാനുള്ള എല്ലാ ഇടപെടലുമുണ്ടാകും. അനുബന്ധ രോഗികളുടെ കാര്യത്തിൽ ആദ്യത്തെ ദിവസങ്ങൾ വളരെ നിർണായകമാണ്. ആശുപത്രിയിൽ എത്തിക്കാൻ വൈകി പോയാൽ ഗുരുതരമാകുന്ന അവസ്ഥയിലേക്ക് നീങ്ങി പോകുന്ന സ്ഥിതി പല കേസുകളിലും ഉണ്ട്.
ഇന്നത്തെ സ്ഥിതിയും സവിഷേതകളും വിലയിരുത്തി മുന്നോട്ടു പോകാനുള്ള തന്ത്രം ആവിഷ്‌കരിക്കാൻ വിദഗ്ധരെ പങ്കെടുപ്പിച്ച് യോഗം ചേരും. എല്ലാ മെഡിക്കൽ കോളജുകളിലെയും കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്ടർമാർ, ചികിത്സാ പരിചയമുള്ള സ്വകാര്യ ആശുപത്രി ഡോക്ടർമാർ, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകൾ, ആരോഗ്യ വിദഗ്ദ്ധർ എന്നിവരെ ആ യോഗത്തിൽ പങ്കെടുപ്പിക്കും. സെപ്റ്റംബർ ഒന്നിന് ഈ യോഗം ചേരും
തദ്ദേശ സ്വയം സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗവും ഇതിന് ശേഷം സെപ്റ്റംബർ മൂന്നിന് ചേരും. ആരോഗ്യ മന്ത്രിക്ക് പുറമെ റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരും ഈ യോഗത്തിൽ പങ്കെടുക്കും. ഓരോ തദ്ദേശസ്ഥാപനത്തിന്റെ കൈയിലും വാക്‌സിൻ നൽകിയതിന്റെ കണക്ക് വേണം എന്നും അത് വിലയിരുത്തി കുറവ് പരിഹരിക്കണം എന്നും നിർദേശം നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates