

മലപ്പുറം: നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി ധനേഷ് കുമാറിന്റെ അപ്രതീക്ഷിത സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വനഭൂമി കൈയേറ്റം, അനധികൃത ക്വാറികള്‍, ഖനനം, മരംമുറി, വന്യജീവി കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഡിഎഫ്ഒയെ മാറ്റിയതെന്ന് ആദിവാസി വികസന ഫെഡറേഷന്‍ ആരോപിച്ചു. അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കെ ഉദ്യോഗസ്ഥനെ മാറ്റിയത് നടപടികളെ ബാധിക്കുമെന്ന ആശങ്കയും സംഘടന പങ്കുവെച്ചു.
നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ 657.87 ഹെക്ടര്‍ വനഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ധനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയത്. കെകെ സുനില്‍കുമാറാണ് പുതിയ ഡിഎഫ്ഒ. ഔദ്യോഗിക പരിശീലനത്തിനായി ധനേഷ് കുമാര്‍ ഡെറാഡൂണില്‍ ആയിരിക്കുമ്പോഴാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നത്. സ്ഥലംമാറ്റം ഭരണപരമായ നടപടിയാണെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതുകൊണ്ട് അന്വേഷണം വഴിമുട്ടരുതെന്ന് ആദിവാസി വികസന ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
1979ല്‍ ഏറനാട് താലൂക്കില്‍ ആദിവാസികള്‍ക്കായി പതിച്ചുനല്‍കിയ 1,386.22 ഹെക്ടര്‍ ഭൂമിയില്‍ പലയിടത്തും അവര്‍ക്ക് കൈവശാവകാശം ലഭിച്ചിരുന്നില്ല. പുള്ളിപ്പാടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ 657.87 ഹെക്ടര്‍ വനഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് അനധികൃതമായി കൈമാറി. ഇവിടെ നിലവില്‍ 12 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവന്യൂ രേഖകളില്‍ വനഭൂമിയെന്ന് വ്യക്തമാണെങ്കിലും, 2014നും 2017നും ഇടയില്‍ ഇത് പരിശോധിക്കാതെയാണ് വനംവകുപ്പ് ക്വാറികള്‍ക്ക് അനുമതി നല്‍കിയത്. ഇത് പ്രദേശത്തെ ആദിവാസി കുടുംബങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അന്നത്തെ ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാര്‍ ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ തങ്ങള്‍ പൂര്‍ണ തൃപ്തരായിരുന്നുവെന്നും, അത് പൂര്‍ത്തിയാകും മുമ്പ് ഉദ്യോഗസ്ഥനെ മാറ്റിയത് നടപടികള്‍ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നതായും സംഘടന ആരോപിച്ചു.
സ്ഥലംമാറ്റത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആദിവാസി വികസന ഫെഡറേഷന്‍ വ്യക്തമാക്കി. വിഷയത്തില്‍ ഇതിനകം ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം തടസ്സപ്പെട്ടാല്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. മുട്ടില്‍ മരംമുറി കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് പി. ധനേഷ് കുമാര്‍. അന്വേഷണം പുരോഗമിക്കുന്നതിനിടെ ധനേഷിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. അവിടെനിന്നാണ് 2025 ജൂലൈയില്‍ നിലമ്പൂരിലേക്ക് മാറ്റി നിയമിച്ചത്. നെല്ലിയാമ്പതി, മാനന്തവാടി, മറയൂര്‍, ചാലക്കുടി, അട്ടപ്പാടി എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates