

ആഡംബര വിവാഹം നടത്തിയതാണ് മൂവാറ്റുപുഴയിലെ തോല്‍വിക്ക് കാരണമെന്ന സിപിഐ ജില്ലാ കൗണ്‍സിലിന്റെ അവലോകന റിപ്പോര്‍ട്ടിനെ പരോക്ഷമായി പരിഹസിച്ച് എല്‍ദോ എബ്രഹാം. മകളുടെ മാമ്മോദിസ ചടങ്ങിനെപ്പറ്റിയുള്ള ഫെയയ്‌സ്ബുക്ക് കുറിപ്പിലാണ് എല്‍ദോ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ പരിഹസിച്ചിരിക്കുന്നത്. 'മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത,ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ' എന്നാണ് എല്‍ദോ കുറിച്ചിരിക്കുന്നത്.
മൂവാറ്റുപുഴയിലെ തോല്‍വിയെക്കുറിച്ചുള്ള എറണാകുളം ജില്ലാ കൗണ്‍സില്‍ റിപ്പോര്‍ട്ടിന് എതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദാരിദ്ര്യം പറഞ്ഞു വോട്ടു നേടി തെരഞ്ഞെടുപ്പില്‍ ജയിച്ച എല്‍ദോ രണ്ടാം തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പു നടത്തിയ ആര്‍ഭാട വിവാഹം ജനങ്ങളെ അകറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്.
തോല്‍വിക്കു കാരണം എല്‍ദോ ഏബ്രഹാമിന്റെ ആര്‍ഭാട വിവാഹമാണെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ച ജില്ലാ സെക്രട്ടറി പി രാജുവിനെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. വിവാഹത്തിന്റെ കാര്‍മികരിലൊരാളായി നിന്നപ്പോഴും, സദ്യ കഴിച്ചപ്പോഴും ഈ തോന്നല്‍ ഉണ്ടായില്ലേ എന്ന് കാനം ചോദിച്ചിരുന്നു.
എല്‍ദോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത.....
ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ....
ഞങ്ങളുടെ മകള്‍ക്ക് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ലളിതമായ മാമ്മോദിസ ചടങ്ങ്. എലൈന്‍ എല്‍സ എല്‍ദോ എന്ന പേരും നാമകരണം ചെയ്തു. 2021 മെയ് 24 നാണ് മോള്‍ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്. എലൈന്‍ എന്നാല്‍ 'സൂര്യനെപ്പോലെ പ്രകാശിക്കുന്നവള്‍ 'ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു ഇവള്‍ വേഗതയില്‍ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നന്‍മയുടെ വിത്തുപാകും. പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവര്‍ക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും. തിന്‍മകള്‍ക്കെതിരെ പടവാള്‍ ഉയര്‍ത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പതാകവാഹകയാകും.
എന്റെയും ഭാര്യ ഡോക്ടര്‍ ആഗിയുടെയും ബന്ധുക്കള്‍ മാത്രം ചടങ്ങിന്റെ ഭാഗമായി. ജലത്താല്‍ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈന്‍ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോള്‍... മാലാഖ.... പ്രതീക്ഷയുടെ പൊന്‍കിരണമാണ്. ചടങ്ങില്‍ സംബന്ധിച്ച കുടുംബാംഗങ്ങള്‍ക്ക് ഹൃദയത്തോട് ചേര്‍ത്ത് നന്ദി.....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates