ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ല; മതപരമായ ആചാരങ്ങൾ വ്യക്തിപരമായ കാര്യമെന്ന് ഹൈക്കോടതി

മതം വ്യക്തിപരമാണെന്നും ആരേയും നിർബന്ധിക്കാനാവില്ലെന്നും മുസ്‌ലിം മതം തന്നെ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി
kerala highcourt
ഹൈക്കോടതിഫയൽ
Updated on
1 min read

കൊച്ചി: ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി. ഭരണഘടനയാണ് ഏറ്റവും ഉന്നതമായിട്ടുള്ളത്. ഒരാളുടെ മതപരമായ ആചാരങ്ങൾ അയാളുടെ വ്യക്തിപരമായ കാര്യമാണ്. മറ്റൊരാളിൽ അത് അടിച്ചേൽപ്പിക്കാനാവില്ല. നൂറ്റാണ്ടുകളായുള്ള മതാചാരങ്ങളോട് യോജിപ്പോ വിയോജിപ്പോ കാണിക്കാനുള്ള അവകാശം എല്ലാ പൗരൻമാരുടെയും ഭരണഘടനപരമായ അവകാശമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ധനമന്ത്രിയായിരിക്കുമ്പോൾ ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയതിനെതിരെ വിദ്യാർത്ഥിനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ നൗഷാദ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയതുവഴി വിദ്യാർത്ഥിനി മുസ്‌ലിം വ്യക്തിനിയമം ലംഘിച്ചെന്നും മുതിർന്ന പെൺകുട്ടി മറ്റൊരു പുരുഷനെ സ്പർശിക്കുന്നതുവഴി വ്യഭിചാരം ചെയ്തെന്നും പരാമർശിച്ചാണ് സമൂഹമാധ്യമത്തിലൂടെ വിഡിയോ പ്രചരിപ്പച്ചത്.

ഈ സംഭവത്തിൽ നിയമ വിദ്യാർത്ഥിനിയുടെ പരാതിയിൽ കലാപത്തിന് ശ്രമിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കോഴിക്കോട് കുന്നമംഗലം പൊലീസ് തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ നൗഷാദ് ഹൈക്കോടതിയെ സമീപിച്ചത്. മതം വ്യക്തിപരമാണെന്നും ആരേയും നിർബന്ധിക്കാനാവില്ലെന്നും മുസ്‌ലിം മതം തന്നെ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമ്മാനം സ്വീകരിക്കുമ്പോൾ ധനമന്ത്രിക്കു കൈകൊടുക്കാൻ പരാതിക്കാരി തീരുമാനിച്ചാൽ ഹർജിക്കാരന് അതിൽ എന്തു കാര്യമെന്നും കോടതി ചോദിച്ചു.

പരാതിക്കാരി കോഴിക്കോട് സ്വകാര്യ ലോ കോളജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഹർജിക്കാരൻ സമൂഹ മാധ്യമത്തിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയതു സംബന്ധിച്ചാണ് കേസ്. 2016ൽ അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കുമായി കോളജിൽ നടത്തിയ സംവാദത്തിൽ പങ്കെടുക്കാൻ പരാതിക്കാരിക്ക് അവസരം ലഭിച്ചിരുന്നു. ചടങ്ങിൽ താൻ മന്ത്രിക്ക് ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങൾ സഹിതം ശരി അത്ത് നിയമം ലംഘിച്ചെന്ന് പരാമർശിച്ച് വാട്സ് ആപ്പിൽ പ്രചരിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com