

കണ്ണൂർ: മോഷ്ടിച്ച സ്കൂട്ടറുമായി നഗരത്തിൽ വിലസിയ കുപ്രസിദ്ധ വാഹന മോഷ്ടാവിനെ കണ്ണൂർ ടൗൺ പൊലീസ് തൊണ്ടി സഹിതം പിടികൂടി. കോട്ടയം സ്വദേശിയും നിലവിൽ കാസർകോട് വിദ്യാനഗറിലെ താമസക്കാരനുമായ ഇൻസമാം ഉൾ ഹഖ് (29) ആണ് ടൗൺ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയിൽ വെച്ചാണ് സംഭവം.
പരിശോധനയ്ക്കിടെ വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രതി പരിഭ്രമിക്കുകയും പരസ്പരവിരുദ്ധമായ മറുപടികൾ നൽകുകയും ചെയ്തു. ഇതേത്തുടർന്ന് സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സഞ്ചരിക്കുന്ന സ്കൂട്ടർ മോഷ്ടിച്ചതാണെന്ന വിവരം പുറത്തു വന്നത്.
കണ്ണൂർ എടക്കാട് സ്വദേശിനിയുടെ സ്കൂട്ടർ കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂർ താവക്കര പുതിയ ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന സമയത്ത് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സ്കൂട്ടർ കാണാതായതുമായി ബന്ധപ്പെട്ട് ഉടമ പരാതി നൽകാൻ തയ്യാറെടുക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. കോട്ടയം, കോഴിക്കോട് ജില്ലകളിലായി നിലവിൽ നാലോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്.
ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച ശേഷം കുറച്ചുകാലം അതിൽ സഞ്ചരിച്ച ശേഷം വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. കണ്ണൂർ, കാസർകോട് ജില്ലകളിൽ നടന്ന വിവിധ വാഹന മോഷണങ്ങൾക്ക് പിന്നിൽ പിടിയിലായ യുവാവിന് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്ഐ ബി ജിഷ്ണുവിന്റെ നേതൃത്വത്തിൽ എഎസ്ഐ പ്രമോദ് എസ്, സിപിഒമാരായ വിനിൽ മോൻ, സമീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates