കൊല്ലം: ബിവറേജസ് സെൽഫ് സർവീസ് കൗണ്ടറിൽ നിന്നു മദ്യക്കുപ്പി മോഷ്ടിച്ച യുവാവ് സിസിടിവി ക്യാമറയിൽ കുടുങ്ങി. കൊല്ലം ആശ്രാമത്തെ ബിവറേജസ് കൗണ്ടറിൽ നിന്ന് 910 രൂപയുടെ ഓൾഡ് മങ്ക് റം ഫുൾ ബോട്ടിലാണ് ശനിയാഴ്ച രാത്രി 8.45നു യുവാവ് കവർന്നത്. മോഷണം നടത്തിയ വാളത്തുംഗൽ സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞു. മോഷണ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാവ് വീട്ടിൽ നിന്നു മാറിയെന്നാണു സൂചന.
സാഹചര്യങ്ങൾ നോക്കി തിരിച്ചു പോയി
അടയ്ക്കുന്ന സമയമായതിനാൽ കൗണ്ടറിൽ വലിയ തിരക്കില്ലായിരുന്നു. മാസ്കും നീല ടീഷർട്ടും പാന്റ്സും ധരിച്ചെത്തിയ യുവാവ് വന്നയുടൻ ഒരു ബോട്ടിൽ എടുത്ത് അരയിൽ തിരുകി. തുടർന്നു മദ്യം വാങ്ങാനെത്തിയവരുമായി സംസാരിച്ചു നിന്നു. പിന്നീടു മദ്യം വാങ്ങിയ ഒരാളോടൊപ്പം കൗണ്ടറിലേക്കു കടന്നു. പുറത്തോട്ടു നിൽക്കാമെന്ന് ഇയാളോടു പറഞ്ഞ ശേഷം ഇറങ്ങിപ്പോവുകയായിരുന്നു.
ഇയാളോടൊപ്പം വന്നയാളാണെന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു യുവാവിന്റെ നീക്കം. യുവാവ് അര മണിക്കൂർ മുൻപ് ഇതേ കൗണ്ടറിൽ എത്തി സാഹചര്യങ്ങൾ നോക്കിയ ശേഷം തിരിച്ചുപോയിരുന്നെന്നു ജീവനക്കാർ പറഞ്ഞു. മാസങ്ങൾക്കു മുൻപ് ഇവിടെ മോഷണ ശ്രമം നടത്തിയ ഒരാളെ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates