

കോഴിക്കോട്: മലപ്പുറം, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തി തിരിച്ചെത്തിച്ച ചില്‍ഡ്രന്‍സ് ഹോമിലെ ആറു പെണ്‍കുട്ടികളില്‍ ഒരാള്‍ കൈമുറിച്ചു. പൊലീസും ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശ്രൂശ്രൂഷ നല്‍കി. ആത്മഹത്യാശ്രമമായി കണക്കാക്കാനാകില്ലെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാത്രിയാണ് സംഭവം. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ ആറുപെണ്‍കുട്ടികളെ കണ്ടെത്തി ഇന്നലെയാണ് കോഴിക്കോട്ട് തിരിച്ചെത്തിച്ചത്. പെണ്‍കുട്ടികളുടെ മൊഴിയെടുത്ത ശേഷമാണ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് തന്നെ തിരികെ കൊണ്ടുപോയത്. ചില്‍ഡ്രന്‍സ് ഹോമിലേക്ക് തിരികെ പോകാന്‍ താത്പര്യമില്ലെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അവിടെ സ്വാതന്ത്ര്യമില്ലെന്നും നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നും കുട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ തിരികെ എത്തിയത് മുതല്‍ കുട്ടികള്‍ ബഹളം വച്ച് പ്രതിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്നലെ രാത്രി കുട്ടികള്‍ താമസിക്കുന്ന മുറിയില്‍ ജനലിന്റെ ചില്ല് തകര്‍ത്താണ് ഒരു കുട്ടി കൈമുറിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രഥമ ശ്രൂശ്രൂഷയ്ക്ക് ശേഷം കുട്ടിയെ വീണ്ടും ചില്‍ഡ്രന്‍സ് ഹോമിലേക്ക് തന്നെ തിരികെ കൊണ്ടുവന്നു. ആത്മഹത്യാശ്രമമായി കണക്കാക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വെളളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികളെ കാണാതായത്. പൊലീസ് അന്വേഷണത്തില്‍ കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബാലാവകാശ കമ്മീഷന്‍ കുട്ടികളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസിന് മുന്‍പാകെ ഹാജരാക്കി.
അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി ഇന്നലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയെങ്കിലും ഇയാളെ ഉടന്‍ തന്നെ പിടികൂടി. ഇയാള്‍ക്ക് ഒപ്പം കൊല്ലം സ്വദേശി ടോം തോമസും അറസ്റ്റിലായിരുന്നു. അറസ്റ്റിലായ രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . ഇവര്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവാക്കളെ ബംഗളുരുവിലെക്കുള്ള യാത്രാ മധ്യേ പരിചയപ്പെട്ടതാണെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത്, ബംഗലൂരുവിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates