കൊച്ചി : തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി. സിബിഐ പ്രത്യേക ടീം അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു.
ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണെന്ന്, ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കുപ്പി സുബീഷ് വെളിപ്പെടുത്തിയിരുന്നു. താനടക്കം നാലുപേരടങ്ങുന്ന ആര്‍എസ്എസ്സംഘമാണ് ഫസലിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് സുബീഷ് പറഞ്ഞത്. സുബീഷിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ കോടതിയെ സമീപിച്ചത്.
2006 ഒക്‌റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ മുഹമ്മദ് ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസില്‍ അന്നത്തെ സിപിഎം തലശ്ശേരി ഏരിയാ സെക്രട്ടറി കാരായി രാജന്‍, തിരുവങ്ങാടി ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രതികളായി.
ഈ കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. സിബിഐ അന്വേഷണം നടക്കുന്നതിനിടെ 2012 ല്‍ ഇരുവരും കോടതിയില്‍ കീഴടങ്ങി. ഒന്നര വര്‍ഷത്തോളം ജയിലിലായിരുന്ന ഇരുവരും 2013 നവംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ എറണാകുളം ജില്ലയിലാണ് താമസം.
കോടതി വിധിയെ സിപിഎം നേതാവ് പി ജയരാജനും കാരായി രാജനും സ്വാഗതം ചെയ്തു. സിബിഐ ഇനിയെങ്കിലും ദുരഭിമാനം വെടിയണമെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ പറഞ്ഞു. സത്യം എന്നായാലും പുറത്തുവരും. ഏഴരക്കൊല്ലത്തിലേറെയായി സിപിഎം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും അന്വേഷണസംഘം വേട്ടയാടുകയാണെന്നും ഷംസീര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates