'ബ്രാഞ്ച് കൂടി, ലോക്കല്‍ കമ്മിറ്റി കൂടി, പത്രവും ചേര്‍ത്ത് നടക്കുന്ന പാവങ്ങള്‍ ഇതിനകത്തുണ്ട്'

അമ്പതു വര്‍ഷം പ്രവര്‍ത്തിച്ച തന്നെ തഴഞ്ഞാണ്, ഒമ്പതു വര്‍ഷം മാത്രം പ്രവര്‍ത്തന പരിചയമുള്ള മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത്
A Padmakumar
എ പദ്മകുമാർ ഫെയ്സ്ബുക്ക്
Updated on
2 min read

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയിലേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിയുമെന്ന് മുതിര്‍ന്ന നേതാവ് എ പദ്മകുമാര്‍. പ്രായപരിധിക്ക് കാത്തു നില്‍ക്കുന്നില്ല. 66 വയസ്സില്‍ തന്നെ എല്ലാം ത്യജിക്കുകയാണ്. പാര്‍ട്ടി നടപടിയെ ഭയക്കുന്നില്ല. സിപിഎം വിടാനില്ല. പാര്‍ട്ടി അനുവദിച്ചാല്‍ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുമെന്നും എ പദ്മകുമാര്‍ പറഞ്ഞു.

അമ്പതു വര്‍ഷം പ്രവര്‍ത്തിച്ച തന്നെ തഴഞ്ഞാണ്, ഒമ്പതു വര്‍ഷം മാത്രം പ്രവര്‍ത്തന പരിചയമുള്ള മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത്. ഫെയ്‌സ്ബുക്കില്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ല. വീണ ജോര്‍ജിനെ പരിഗണിച്ചത് പാര്‍ലമെന്ററി രംഗത്തെ പ്രകടനം മാത്രം കണക്കിലെടുത്താണ്, സംഘടന രംഗത്ത് ഒന്നും ചെയ്തിട്ടില്ല. സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതിലെ വിഷമം ആണ് താന്‍ പറഞ്ഞത്.

ഒരാളെ ഏതെങ്കിലും ഉപരി കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയവും സംഘടനാപരമായ പ്രവര്‍ത്തനങ്ങളായിരിക്കണം മാനദണ്ഡമെന്നാണ് സിപിഎമ്മിനെ സംബന്ധിച്ചുള്ള നിലപാട്. വീണാ ജോർജിന്റെ കഴിവിനെ കുറച്ചു കാണുന്നില്ല. എന്റെ 52 വര്‍ഷക്കാലത്തേ പ്രവര്‍ത്തന പാരമ്പര്യത്തേക്കാള്‍ വലുതാണ് വീണാ ജോർജിന്റെ ഒമ്പതു വര്‍ഷക്കാലത്തെ പ്രവര്‍ത്തനം എന്നതാകാം. ഞങ്ങളെപ്പോലുള്ളവർ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച്, പാര്‍ട്ടി ബ്രാഞ്ച് കൂടി, ലോക്കല്‍ കമ്മറ്റി കൂടി, പത്രവും ചേര്‍ത്ത് നടക്കുന്ന പാവങ്ങള്‍ ഇതിനകത്തുണ്ട് എന്നുള്ള ബോധ്യം ഉപരി കമ്മറ്റിക്ക് ഉണ്ടാകണം എന്നേ ഞാന്‍ പറഞ്ഞുള്ളു എന്നും പദ്മകുമാർ കൂട്ടിച്ചേർത്തു.

'വീണയെ പരിഗണിച്ചത് മന്ത്രിയെന്ന നിലയില്‍'

മന്ത്രിയെന്ന നിലയിലാണ് വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിച്ചതെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പാര്‍ട്ടി പരിപാടികളില്‍ കൃത്യമായി പങ്കെടുക്കുന്ന നേതാവാണ് വീണാജോര്‍ജ്. പദ്മകുമാര്‍ ജില്ലയിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്. പദ്മകുമാറിന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ല. അഭിപ്രായം പാര്‍ട്ടി ഘടകത്തിലാണ് പദ്മകുമാര്‍ പറയേണ്ടിയിരുന്നത്. പദ്മകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സംസ്ഥാന നേതൃത്വമോ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ നേതൃത്വമോ പരിശോധിക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കി.

'എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ല'

എല്ലാവരെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് മുന്‍മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പദ്മകുമാര്‍ പാര്‍ട്ടിക്ക് പുറത്തല്ല എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടിയിരുന്നത്. എന്തൊക്കെ പുറത്തു പ്രതികരിച്ചുകൂടാ എന്ന് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പഠിക്കണം. പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചു. പക്ഷെ സംസ്ഥാന സമ്മേളനത്തിലെ വിവരങ്ങള്‍ ചോര്‍ന്നു. അത് ഗൗരവകരമാണ്. ഇതേക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കണം. എംബി രാജേഷ് മോശക്കാരനായതുകൊണ്ടല്ല സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതിരുന്നത്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണം. അതിനായി പ്രായപരിധി 70 ആക്കണമെന്നാണ് തന്റെ അഭിപ്രായം. പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് ലഭിച്ചത് ഔദാര്യമല്ല. മുഖ്യമന്ത്രി ആയതിനാലാണെന്നും എ കെ ബാലന്‍ പറഞ്ഞു.

'മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ'

അതേസമയം മുതിര്‍ന്ന നേതാവ് പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പി ജയരാജനെ ഇത്തവണയും പരിഗണിക്കാത്തതില്‍ മകന്‍ ജെയ്ന്‍ രാജ് അതൃപ്തി പരസ്യമാക്കി. എം സ്വരാജ് മുമ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വാട്സ്ആപ്പില്‍ സ്റ്റാറ്റസാക്കിയാണ് ജെയ്ന്‍ രാജ് അതൃപ്തി പ്രകടിപ്പിച്ചത്. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ' എന്ന സ്വരാജിന്റെ കുറിപ്പാണ് ജെയിന്‍രാജ് പങ്കുവെച്ചത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ എം സ്വരാജ് 2019 ല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റാണിത്. 73 വയസ്സായ ജയരാജന് ഇത് അവസാന അവസരമായിരുന്നു. എന്നാല്‍ കണ്ണൂരില്‍ നിന്നും എം വി ജയരാജനെയാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com