

പാലക്കാട്: വെറും രണ്ട് മിനിറ്റ്. അതിനുള്ളില്‍ തോക്കും കത്തിയും കാട്ടി ജ്വല്ലറിയില്‍നിന്ന് 43 പവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞ നാലംഗ കവര്‍ച്ചാസംഘത്തിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ കൃത്യമായ ആസൂത്രണമെന്ന് സൂചന. പാലക്കാട് കുന്നത്തുപറമ്പിലെ ഇഷാന്‍ ഗോള്‍ഡിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. ഏകദേശം 41 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് സംഘം കവര്‍ന്നത്. കടയിലെ ജീവനക്കാരുടെയും സമീപവാസികളുടെയും ചെറുത്തുനില്‍പ്പ് നേരിട്ട ശേഷമാണ് വ്യാജ തമിഴ്‌നാട് നമ്പര്‍ പ്ലേറ്റുള്ള കാറില്‍ സംഘം രക്ഷപ്പെട്ടത്.
ഉച്ചയ്ക്ക് 2.37നാണ് കേരളത്തിന് പുറത്തുനിന്നുള്ളവരെന്ന് കരുതുന്ന നാലംഗസംഘം ഇടപാടുകാരെന്ന വ്യാജേന ജ്വല്ലറിയിലെത്തിയത്. ഒരു പവന്റെ സ്വര്‍ണമാല കാണണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ സംഘത്തിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വനിതാ ജീവനക്കാരി ജ്വല്ലറി ഉടമ കെവി സനാദിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചതോടെ സംഘം തോക്കും കത്തിയും പുറത്തെടുത്ത് കടയിലുള്ളവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ജ്വല്ലറി ഉടമയുടെ ഭാര്യ ശ്രീവിദ്യയും ജീവനക്കാരി ബിബിതയും മോഷ്ടാക്കളെ എളുപ്പത്തില്‍ കൃത്യം നടത്തി മടങ്ങാന്‍ അനുവദിച്ചില്ല. സ്റ്റൂളും കസേരകളും ഉപയോഗിച്ച് ഇരുവരും സംഘത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ സംഘത്തിലൊരാള്‍ വെടിയുതിര്‍ത്തു. ബഹളം കേട്ട് സനാദും മകനും കടയിലേക്ക് ഓടിയെത്തിയെങ്കിലും സ്വര്‍ണവുമായി രക്ഷപ്പെടാന്‍ സംഘത്തിന് സാധിച്ചു. കവര്‍ച്ചാ സംഘത്തിന് ജ്വല്ലറിക്ക് പുറത്തും പ്രതിരോധം നേരിടേണ്ടിവന്നു. സംഘത്തിലെ ഒരാള്‍ രക്ഷപ്പെടാനുള്ള കാറില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെ സനാദിന്റെ അയല്‍വാസികളായ ഹനീഫയും മകന്‍ കുഞ്ഞുമുഹമ്മദും വാഹനം തടയാന്‍ ശ്രമിച്ചു. കുഞ്ഞുമുഹമ്മദ് കാറിനുനേരെ ഇഷ്ടിക എറിഞ്ഞതോടെ വാഹനത്തിന്റെ ഒരു വശത്തെ ചില്ല് തകര്‍ന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു.
ഷൊര്‍ണൂര്‍ ഡിവൈഎസ്പി കെസി വിനുവിന്റെ നേതൃത്വത്തില്‍ 31 അംഗ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് തെളിവുകള്‍, പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനത്തിന്റെ യാത്രാമാര്‍ഗം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. തമിഴ്‌നാട്ടിലും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ പഴനി ഭാഗത്തേക്ക് കടന്നിരിക്കാമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന. പ്രതികളെ കണ്ടെത്തുന്നതിനായി വിവിധ മേഖലകളില്‍ ഏകോപിത പരിശോധനകള്‍ നടത്തിവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാര്‍ ഉപയോഗിച്ച് രക്ഷപ്പെട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്. പ്രതികള്‍ കേരളത്തിന് പുറത്തുനിന്നുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. കവര്‍ച്ചയ്ക്ക് പിന്നില്‍ മുന്‍കൂട്ടിയുള്ള ആസൂത്രണമുണ്ടായിരുന്നോ, പ്രതികള്‍ക്ക് പ്രദേശത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates