

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയിലെ ഇഷാന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയ്ക്കിടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ട കാര്‍ തടയാന്‍ ശ്രമിച്ച് നാട്ടുകാരന്‍. ജ്വല്ലറിയില്‍നിന്ന് സ്വര്‍ണവുമായി സംഘം കാറില്‍ രക്ഷപ്പെടുന്നതിനിടെ അയല്‍വാസിയായ എം കുഞ്ഞിമുഹമ്മദ് കല്ലെറിഞ്ഞ് വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ത്തു. കവര്‍ച്ചാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ഇടപെടല്‍.
ജ്വല്ലറിയില്‍നിന്ന് നിലവിളി കേട്ടാണ് കുഞ്ഞിമുഹമ്മദ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. അപ്പോഴേക്കും 'കള്ളന്‍, കള്ളന്‍' എന്ന് വിളിച്ചുപറഞ്ഞ് ജ്വല്ലറി ഉടമയുടെ ഭാര്യ ദിവ്യ പുറത്തേക്ക് ഓടിയെത്തിയിരുന്നു. മോഷ്ടാക്കള്‍ കാറില്‍ കയറി അതിവേഗം രക്ഷപ്പെടുന്നതു കണ്ടതോടെ സമീപത്തുനിന്ന് കല്ലെടുത്ത് എറിയുകയായിരുന്നു. കല്ലേറില്‍ കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ന്നു. പിന്നാലെ കുഞ്ഞിമുഹമ്മദും പിതാവ് എം. ഹനീഫയും അയല്‍വാസി കെ. വിജയനും ഏതാനും സ്ത്രീകളും ചേര്‍ന്ന് കാറിനു പിന്നാലെ ഓടി. മലമ്പുഴ മില്‍മ കാലിത്തീറ്റ ഫാക്ടറിയിലെ ജീവനക്കാരനാണ് കുഞ്ഞിമുഹമ്മദ്.
കവര്‍ച്ചയ്ക്കിടെ സംഘം ഹിന്ദിയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. 'ബോലോഗേ തോ മാര്‍ ഡാലേംഗേ' (മിണ്ടിയാല്‍ കൊന്നുകളയും) എന്നായിരുന്നു സംഘത്തിലെ ഒരാളുടെ ഭീഷണി. കവര്‍ച്ചയ്ക്ക് ഉപയോഗിച്ചത് പിസ്റ്റളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2.30ഓടെ ജ്വല്ലറിയിലെത്തിയ മൂന്നംഗ സംഘമാണ് ഏകദേശം പത്തുമിനിറ്റിനുള്ളില്‍ 49 പവന്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ജ്വല്ലറിയില്‍ ജീവനക്കാരും ഉടമ സനാദിന്റെ ഭാര്യ ദിവ്യയും ജീവനക്കാരി ബിബിതയുമാണ് കൗണ്ടറിലുണ്ടായിരുന്നത്. സനാദും മറ്റു ജീവനക്കാരും ജ്വല്ലറിക്ക് പിന്നില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. മാല ആവശ്യപ്പെട്ട് എത്തിയ സംഘം ആഭരണങ്ങള്‍ എടുക്കുന്നതിനിടെ തോക്ക് പുറത്തെടുത്തു. രണ്ടുപേര്‍ കത്തിയും വീശി. ഇതിനിടെ ജീവനക്കാര്‍ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. സംഘത്തെ പ്രതിരോധിക്കാന്‍ ദിവ്യ കസേരയെടുത്ത് വീശി. ബിബിത ഉടന്‍ തന്നെ സനാദിനെ വിവരം അറിയിക്കാന്‍ ഓടി.
കവര്‍ച്ചാസംഘത്തെ കണ്ടപ്പോള്‍ സംശയം തോന്നിയിരുന്നുവെന്നും തോക്കെടുത്തതോടെ മറ്റുള്ളവരെ വിളിക്കാന്‍ ഓടുകയായിരുന്നുവെന്നും ബിബിത പറഞ്ഞു. ഭയന്ന് നിന്നാല്‍ കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെടുമെന്നതിനാലാണ് പ്രതിരോധിക്കാന്‍ ശ്രമിച്ചതെന്ന് ദിവ്യയും പ്രതികരിച്ചു. സ്വര്‍ണവുമായി കാറില്‍ രക്ഷപ്പെടുന്നതിനിടെ നാട്ടുകാരനായ കുഞ്ഞിമുഹമ്മദ് സംഘത്തെ തടയാന്‍ ശ്രമിച്ചു. ജ്വല്ലറിയില്‍നിന്ന് നിലവിളി കേട്ട് ഓടിയെത്തിയ കുഞ്ഞിമുഹമ്മദ്, കവര്‍ച്ചക്കാരുടെ കാറിന് നേരെ കല്ലെറിഞ്ഞു. ഇതോടെ കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ന്നു. ഏതാനും പേര്‍ കാറിന് പിന്നാലെ ഓടിയെങ്കിലും സംഘം രക്ഷപ്പെട്ടു.
ഡ്രൈവര്‍ക്ക് കേരളവുമായി ബന്ധമുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് വാഹനമോടിച്ചതെന്നാണ് നിഗമനം. ചെറിയ വഴികളിലൂടെയാണ് സംഘം രക്ഷപ്പെട്ടത്. കവര്‍ച്ചയ്ക്കിടെ നാട്ടുകാരന്‍ കല്ലെറിഞ്ഞ് കാറിന്റെ ചില്ല് തകര്‍ത്ത വിവരവും തമിഴ്‌നാട് പൊലീസിന് കൈമാറിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും വാഹനങ്ങളുടെ വിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കവര്‍ച്ചയില്‍ നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് പരിശോധിച്ചുവരികയാണ്. ആദ്യഘട്ടത്തില്‍ 20 പവനെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ ഏകദേശം 49 പവന്‍ നഷ്ടപ്പെട്ടതായാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates